ദോഹ: സൂഖ് വാഖിഫിൽ നടക്കുന്ന ആറാമത് ഈത്തപ്പഴ ഫെസ്റ്റിവലിൽ ഇത് വരെ വിറ്റഴിഞ്ഞത് 95 ടണ്ണോളം വ്യത്യസ്തയിനം ഈത്തപ്പഴങ്ങൾ. ഖത്തറിലെ ഫാമുകളിൽ ഉത്പാദിപ്പിച്ച ഈത്തപ്പഴങ്ങൾക്ക് വമ്പിച്ച സ്വീകാര്യതയാണ് മേളയിൽ ലഭിക്കുന്നത്. വിവിധ തരം പ്രാദേശിക വെറൈറ്റികളാണ് മേളയിൽ ജനപ്രിയമായത്. ഖലാസ്, ഷിഷി, ഖെനിസി, ബർഹി മുതലായ സവിശേഷ ഇനങ്ങൾ മേളയുടെ മുഖ്യ ശ്രദ്ധാകേന്ദ്രമായി.
ജൂലൈ 15 ന് ആരംഭിച്ച മേള ജൂലൈ 30 ന് സമാപിക്കും. 82 ഫാമുകൾ പങ്കാളികളാകുന്ന മേളയുടെ പ്രവര്ത്തന സമയം വൈകിട്ട് 4 മുതൽ രാത്രി 10 വരെയാണ്. നൂറുകണക്കിന് സന്ദർശകരെത്തുന്ന മേളയിൽ കുറഞ്ഞ വിലയിലാണ് ഈത്തപ്പഴങ്ങൾ വിൽക്കുന്നത്. നഗരസഭാ-പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സൗഖ് വാഖിഫ് ഭരണസമിതിയുമായി സഹകരിച്ചാണ് മേളയുടെ സംഘാടനം.