ഖത്തറിനെ അധിക്ഷേപകരമായി ചിത്രീകരിക്കുന്ന യുഎഇ-നിർമ്മിത വിവാദ ഹോളിവുഡ് ചിത്രം ഖത്തറിൽ പ്രദർശിപ്പിക്കും.
ദോഹ: ഖത്തറിനെ തീവ്രവാദ സ്പോണ്സർ രാജ്യമാക്കി ചിത്രീകരിക്കുന്ന വിവാദ ഹോളിവുഡ് ചിത്രം ‘ദി മിസ്ഫിറ്റ്‌സ്’ ഖത്തറിലെ തിയേറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുന്നു. യുഎഇ കമ്പനിയായ ഫിലിംഗേറ്റ് പ്രൊഡക്ഷൻ ആണ് ചിത്രം നിർമ്മിച്ചത്. ‘ജസീറിസ്ഥാൻ’ എന്ന പേരിൽ ഖത്തറിനെ ചിത്രീകരിക്കുന്ന സിനിമ രാജ്യത്തെ പൗരന്മാർ തീവ്രവാദത്തെ അനുകൂലിക്കുന്നവരും നേതൃത്വം ആഗോളഭീകരവാദത്തിന് ഫണ്ട് ചെയ്യുന്നവരുമാണെന്നു ആരോപിക്കുന്നു. സൗദിയുടെ നേതൃത്വത്തിൽ യുഎഇ അടക്കമുള്ള രാജ്യങ്ങൾ 2017 മുതൽ മൂന്നരക്കൊല്ലം ഖത്തറിനെ ഉപരോധിക്കാൻ ഉയർത്തിയ ദുരാരോപണങ്ങളെ സിനിമ പിന്താങ്ങുകയാണ്. ഖത്തറിലെ ഈജിപ്ഷ്യൻ ഇസ്‌ലാമിക പണ്ഡിതനായ ഷെയ്ഖ് യൂസഫ് അൽ ഖരദാവിയെ മുസ്ലിം ബ്രദർഹുഡ് നേതാവായും ലോകതീവ്രവാദത്തിന്റെ സ്പോണ്സറായുമാണ് സിനിമ അധിക്ഷേപിക്കുന്നത്. ഖത്തറിന്റെ ലഖ്വിയ ആഭ്യന്തര സുരക്ഷാസേനയെ സൂചിപ്പിച്ചുകൊണ്ട് ചുവന്ന ലഖ്‌വിയ കാറും സിനിമയിലുണ്ട്.
രാജ്യത്തെ വിവിധ സ്രോതസ്സുകളിൽ നിന്ന് ഇതിനോടകം ഉയർന്ന പ്രതിഷേധത്തിനിടയിലും ജൂലൈ 1 മുതൽ ചിത്രം ഖത്തറിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്. ദോഹയിലെ വോക്‌സ് സിനിമയിൽ ചിത്രം ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ദുബായ് കേന്ദ്രീകൃത കമ്പനിയുടെ കീഴിലുള്ളതാണ് വോക്‌സ് സിനിമ. അതേ സമയം ഖത്തറിലെ സിനിമകളുടെ പ്രദർശനം തീരുമാനിക്കുന്ന കൾച്ചറൽ മിനിസ്ട്രി വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
ഉപരോധാനന്തരവും യുഎഇ നിർമ്മിതമായി ഖത്തറിനെതിരെ അധിക്ഷേപകരമായ ആരോപണങ്ങൾ ഉയർത്തുന്ന ചിത്രം, ഇരു രാജ്യങ്ങളുടെയും മാധ്യമ-രാഷ്ട്രീയ വൃത്തങ്ങളിൽ ചൂടുള്ള ചർച്ചയായിട്ടുണ്ട്. സിനിമയുടെ നിർമ്മാണം ഉപരോധം അവസാനിപ്പിക്കുന്നതിന് മുൻപേ തുടങ്ങിയതാവാം എന്നത് മുതൽ, സിനിമയിലുള്ള യുഎഇയുടെ ഫണ്ടിംഗ് ഗൾഫ് പ്രതിസന്ധി ഇനിയും അവസാനിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതായി വരെ അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്.
പഴയ ജെയിംസ് ബോണ്ട് നായകൻ പിയേഴ്‌സ് ബ്രോസ്‌നൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ദി മിസ്ഫിറ്റ്‌സ് സംവിധാനം ചെയ്തത് ഡൈ ഹാർഡ് 2, ഡീപ് ബ്ലൂ സീ പോലുള്ള സിനിമകൾ ഒരുക്കിയ റെന്നി ഹാര്ലിനാണ്. ജൂണ് 11 ന് അമേരിക്കയിൽ റിലീസ് ചെയ്ത ചിത്രം മിഡിൽ ഈസ്റ്റ് പശ്ചാത്തലമാക്കി സ്വർണക്കൊള്ളയുടെ കഥയാണ് പറയുന്നത്.