ബംഗ്ലാദേശി തൊഴിലാളികൾക്ക് ഖത്തർ വിസ നൽകുന്നത് നിർത്തിവെച്ചു? വിശദീകരണവുമായി ബംഗ്ലാദേശ് മന്ത്രാലയം

ബംഗ്ലാദേശി തൊഴിലാളികൾക്ക് വിസ നൽകുന്നത് ഖത്തർ താൽക്കാലികമായി നിർത്തിവച്ചതായി സോഷ്യൽ മീഡിയയിലും ചില വാർത്താ ഏജൻസികളിലും പ്രചരിക്കുന്ന വാർത്തകൾ “അടിസ്ഥാനരഹിതം” ആണെന്ന് ബംഗ്ലാദേശ് പ്രവാസി ക്ഷേമ, വിദേശ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ആശയക്കുഴപ്പം സൃഷ്ടിക്കാനുമുള്ള നിക്ഷിപ്ത വിഭാഗങ്ങളുടെ മനഃപൂർവമായ ശ്രമങ്ങളാണ് ഇത്തരം കിംവദന്തികൾ എന്ന് ഇന്ന് (ഒക്ടോബർ 21) പുറത്തിറക്കിയ പത്രക്കുറിപ്പിൽ മന്ത്രാലയം പറഞ്ഞു. തെറ്റായ വിവരങ്ങളിൽ വഞ്ചിതരാകരുതെന്ന് പൗരന്മാരോട് അഭ്യർത്ഥിച്ചു.
ഖത്തറിന്റെ തൊഴിൽ വിപണി ബംഗ്ലാദേശി തൊഴിലാളികൾക്കായി തുറന്നിട്ടിരിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. 2024 സെപ്റ്റംബറിനും 2025 സെപ്റ്റംബറിനും ഇടയിൽ, ആകെ 111,662 തൊഴിലാളികളെ ബംഗ്ലാദേശിൽ നിന്ന് ഖത്തറിലേക്ക് അയച്ചു.
നിലവിൽ 425,681 ബംഗ്ലാദേശി തൊഴിലാളികൾ ഖത്തറിൽ ജോലി ചെയ്യുന്നു.




