ഡ്രൈവറില്ലാക്കാലമെത്തി; ഖത്തറിൽ ഓട്ടോണോമസ് ടാക്സികൾ പരീക്ഷണ ഓട്ടം തുടങ്ങി

ഖത്തറിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ ടൂറിസ്റ്റ്, സർവീസ് റൂട്ടുകൾ ഉൾപ്പെടുത്തി, “ലെവൽ 4 ഓട്ടോണമസ് ഇലക്ട്രിക് ടാക്സികളുടെ” പ്രവർത്തന പരീക്ഷണങ്ങൾ മൊവാസലാത്ത് (കർവ) ആരംഭിച്ചതായി ഗതാഗത മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.
മന്ത്രാലയവുമായി ഏകോപിപ്പിച്ച്, ഓട്ടോണമസ് ടാക്സികളുടെ രണ്ട് ഘട്ട പരീക്ഷണ ഓട്ടത്തിനുള്ള തയ്യാറെടുപ്പിനായി വരും കാലയളവിൽ കർവ, റൂട്ട് മാപ്പിംഗ് നടത്തും.
ആദ്യ ഘട്ടത്തിൽ ഒരു പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തിന് കീഴിൽ, യാത്രക്കാരില്ലാതെ പരീക്ഷണ ഓട്ടങ്ങൾ നടത്തും. രണ്ടാം ഘട്ടത്തിൽ ഡ്രൈവർ ഇല്ലാതെ യാത്രക്കാരുമായി പൂർണ്ണ തോതിലുള്ള പരീക്ഷണം നടക്കും. അടുത്ത വർഷം ആദ്യ പാദം വരെ ഇത് തുടരും.
പരീക്ഷണങ്ങളിൽ ഉപയോഗിക്കുന്ന ഓരോ ഓട്ടോണമസ് ടാക്സിയിലും ആറ് ലോംഗ്, മിഡ് റേഞ്ച് ക്യാമറകൾ, നാല് റഡാറുകൾ, നാല് ലിഡാർ യൂണിറ്റുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഇത് റണ്ണിംഗ് സമയത്ത് കൃത്യമായ കണ്ടെത്തലും നാവിഗേഷൻ നിയന്ത്രണവും സാധ്യമാക്കുന്നു.
നിയന്ത്രണ ചട്ടക്കൂടുകൾ സ്ഥാപിക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ തയ്യാറാക്കുന്നതിനും പുറമെ, ഖത്തറിന്റെ വിശാലമായ ഭാവി സ്മാർട്ട് മൊബിലിറ്റി സംരംഭങ്ങളുടെ ഭാഗമായ സാങ്കേതികവിദ്യയുടെ സന്നദ്ധതയും കാര്യക്ഷമതയും വിലയിരുത്തുക എന്നതാണ് പരീക്ഷണങ്ങളുടെ ലക്ഷ്യം.
മുൻകാല ഓട്ടോണമസ് ഇലക്ട്രിക് ബസ് പരീക്ഷണങ്ങളുടെ നല്ല ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പുതിയ പൈലറ്റ് രൂപീകരിച്ചിരിക്കുന്നത്.
മന്ത്രാലയം വികസിപ്പിച്ചെടുത്ത ഓട്ടോണമസ് വെഹിക്കിൾസ് സ്ട്രാറ്റജി ഖത്തറിന്റെ പൊതുഗതാഗത ശൃംഖലയിൽ നൂതനവും പരിസ്ഥിതി സൗഹൃദവുമായ സ്മാർട്ട് സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കുന്നു.