റോഡിലെ തകരാറുകൾ കണ്ടെത്താൻ 3D-റഡാർ സാങ്കേതികവിദ്യ പ്രയോഗിച്ച് അഷ്‌ഗാൽ
ഖത്തറിലെ റോഡുകളുടെ പരിപാലന പരിപാടികളുടെ ഭാഗമായി, റോഡുകളുടെയും പാലങ്ങളുടെയും അടിയിലെ പാളികളും മലിനജല ഓടകളും പരിശോധിക്കുന്നതിനായി ത്രിമാന റഡാർ (3D-GPR) സംവിധാനം ഉപയോഗിച്ച് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ). ത്രിമാന റഡാർ ഉപയോഗിച്ച് അസ്ഫാൽറ്റ് സ്കാൻ ചെയ്യുകയെന്ന നൂതന സാങ്കേതികവിദ്യയാണ് അധികൃതർ ഇതിനായി പ്രയോഗിച്ചത്.
ആദ്യഘട്ടത്തിൽ തന്നെ റോഡ് പാളികളിലെ സുഷിരങ്ങളും തകരാറുകളും കണ്ടെത്താൻ സഹായിക്കുന്ന ഈ സംവിധാനം, അഷ്‌ഗാൽ റോഡ് മെയിന്റനൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേത്രത്വത്തിൽ അൽ അസീറി പാലം (മിഡ്മാക് ബ്രിഡ്ജ്), ഖത്തറിലെ ഹൈവേകൾ, പ്രധാന റോഡുകൾ, പ്രാദേശിക റോഡുകൾ അടക്കം വിവിധ സൈറ്റുകളിലാണ് പ്രയോഗിച്ചത്.
ഭൗമോപരിതലത്തിൽ നിന്ന് നാല് മീറ്റർ വരെ താഴേക്ക് കൃത്യതയോടെ സ്കാൻ ചെയ്യുന്ന റഡാർ, അസ്ഫാൽറ്റിന്റെ ഉപരിതലത്തിലേക്ക് തുളച്ചുകയറി താഴത്തെ പാളികളിലെ വരെ കുറവുകൾ കണ്ടെത്തുകയാണ് ചെയ്യുന്നത്.
ട്രാഫിക്കിലെ ആഘാതം കുറയ്ക്കുക, റോഡുകളിലെ സുരക്ഷയും സുഗമമായ ഗതാഗതവും വർദ്ധിപ്പിക്കുക, റോഡുകളുടെ പരിപാലന ചെലവ് കുറയ്ക്കുക, ഇൻഫ്രാസ്ട്രക്ചറിന്റെയും യൂട്ടിലിറ്റികളുടെയും മാപ്പുകൾ ചിത്രീകരിക്കുക, പാലത്തിന്റെ സ്റ്റാറ്റസ്, റോഡുകൾക്ക് താഴെയുള്ള പ്രശ്നങ്ങൾ കണ്ടെത്തുക തുടങ്ങിയവയെല്ലാം പ്രസ്തുത സാങ്കേതികവിദ്യ ലക്ഷ്യമിടുന്നതായി ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള എഞ്ചിനീയർ മുഹമ്മദ് അൽ ഖഷാബി പറഞ്ഞു. സമീപഭാവിയിൽ തന്നെ കൂടുതൽ പരിശോധനകൾ നടത്തുമെന്നും അഷ്‌ഗാൽ അറിയിക്കുന്നു.