ദോഹ: ഫിഫ അറബ് കപ്പ് നോക്ക്ഔട്ട് ഘട്ടത്തിൽ നാല് മത്സരങ്ങളും പൂർത്തിയായതോടെ ടൂർണമെന്റിന്റെ സെമി ചിത്രമായി. ബുധനാഴ്ച നടക്കുന്ന സെമി ഫൈനലുകളിൽ ഖത്തർ അൾജീരിയയേയും ടുണീഷ്യ ഈജിപ്തിനെയുമാണ് നേരിടുക.
ശനിയാഴ്ച രാത്രി അൽ തുമാമ സ്റ്റേഡിയത്തിൽ അരങ്ങേറിയ, അധിക സമയത്തിലേക്കും പെനാൽട്ടി ഷൂട്ടൗട്ടിലേക്കും നീണ്ട മൊറോക്കോ-അൾജീരിയ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ, അൾജീരിയ വിജയിച്ചു.
ഗോൾരഹിതമായി അവസാനിച്ച ആദ്യപകുതിയിൽ നിന്ന് വാശിയേറിയ രണ്ടാം പകുതിയിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി, തുടർന്ന് അധികസമയത്തേക്ക് നീങ്ങിയ മാച്ചിൽ വീണ്ടും സ്കോർനില 2-2 ലേക്ക് ഉയർന്നു. തുടർന്ന് പെനാൽട്ടി ഷൂട്ടൗട്ടിൽ 3-5 എന്ന സ്കോർനിലയിൽ അൾജീരിയ സെമിയുറപ്പിച്ചു.
വൈകിട്ട് 7 ന് അൽ ജനൂബ് സ്റ്റേഡിയത്തിൽ നടന്ന ഈജിപ്ത്-ജോർദാൻ മത്സരവും വാശിയേറിയതായി. 1-1 എന്ന ഗോൾനിലയിൽ എക്സ്ട്രാ ടൈമിലേക് നീണ്ട മത്സരത്തിൽ എക്സ്ട്രാ സമയത്ത് 2 ഗോളുകൾ കൂടി കൂട്ടിച്ചേർത്താണ് ഈജിപ്ത് സെമിയിലേക്ക് തകർപ്പൻ എൻട്രിയായത്.
ബുധനാഴ്ച വൈകിട്ട് 7 ന് സ്റ്റേഡിയം 974 ലും (ട്യുണീഷ്യ-ഈജിപ്ത്), രാത്രി 10 ന് അൽ തുമാമയിലുമാണ് (ഖത്തർ-അൾജീരിയ) സെമിഫൈനലുകൾ.