കൊവിഡ്, താലിബാൻ, അൽ ഉല പ്രഖ്യാപനം; യുഎൻ ജനറൽ അസംബ്ലിയിൽ അമീറിന്റെ പ്രഭാഷണം
ന്യുയോർക്ക്: ന്യൂയോർക്കിൽ നടക്കുന്ന എഴുപത്തിയാറാമത് യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത് ഖത്തർ അമീർ, ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി പ്രസംഗിച്ചു. കോവിഡ്-19 പ്രതിസന്ധിയെ ഖത്തർ നേരിട്ടത്, അഫ്‌ഗാനിലെ താലിബാൻ കീഴടക്കൽ, ഇറാനിലെയും സിറിയയിലെയും യമനിലെയും ആഭ്യന്തര പ്രതിസന്ധികൾ, പലസ്തീൻ-ഇസ്രായേൽ വിഷയം, അൽ ഉലാ പ്രഖ്യാപനം മുതലായവ അമീറിന്റെ പ്രഭാഷണത്തിൽ ചർച്ചയായി.
കോവിഡ് ഉയർത്തിയ ആരോഗ്യപരവും സാമ്പത്തികവുമായ വെല്ലുവിളികളെ ഖത്തർ വിജയകരമായി നേരിട്ടതായി പറഞ്ഞ അമീർ കോവിഡ് ലോകത്തിന്റെ കൂട്ടായ സുരക്ഷയുടെ ദൗർബല്യം വെളിവാക്കിയതായും ചൂണ്ടിക്കാട്ടി. പ്രതിസന്ധി രൂക്ഷമായ രാജ്യങ്ങളെ സഹായിച്ച ഖത്തറിന്റെ പ്രതിബന്ധതയും വാക്സീൻ തുല്യമായി വിതരണം ചെയ്യേണ്ട ആവശ്യകതയും അമീർ എടുത്തുപറഞ്ഞു.
അഫ്‌ഗാൻ വിഷയത്തിൽ ലോകം താലിബാനുമായി ചർച്ചകൾ തുടരണമെന്നാണ് ഷെയ്ഖ് തമീം അഭിപ്രായപ്പെട്ടത്. സമവായ സംഭാഷണങ്ങളിലൂടെയല്ലാതെ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ആവില്ല. അഫ്‌ഗാൻ ജനതയോടുള്ള സഹായത്തിലും മേഖലയിലെ രക്ഷാപ്രവർത്തനത്തിലും ഖത്തർ വഹിച്ച പങ്ക് അമീർ സൂചിപ്പിച്ചു. സമാന നിലപാട് ഇറാൻ, സിറിയ, പലസ്തീൻ വിഷയത്തിലും അമീർ ആവർത്തിച്ചു. പലസ്തീനിൽ ഈ വർഷമുണ്ടായ പ്രശ്നങ്ങളുടെ മുഖ്യകാരണം ഷെയ്ഖ് ജറായിൽ ഉണ്ടായ കുടിയൊഴിപ്പിക്കലാണെന്നും ഷെയ്ഖ് തമീം നിരീക്ഷിച്ചു.
പരസ്പര ബഹുമാനമൂന്നിയുള്ള സമാധാന ചർച്ചകളിലൂടെ സഹോദരങ്ങൾ തമ്മിലുള്ള ഏത് പ്രശ്നവും പരിഹരിക്കാമെന്ന ആശയമാണ് ഖത്തറിനെതിരെ ഗൾഫ് രാജ്യങ്ങളുടെ 4 വർഷം നീണ്ട ഉപരോധം അവസാനിപ്പിച്ച ജനുവരിയിലെ അൽ ഉല പ്രഖ്യാപനമെന്നു അമീർ പറഞ്ഞു.