Qatar

ഖത്തറിൽ പരീക്ഷാ രീതിയിൽ മാറ്റം; മിഡ്-ടേം പരീക്ഷകൾക്ക് പകരം ഇലക്ട്രോണിക് മൂല്യനിർണ്ണയം

ദോഹ: മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സ്‌കൂൾ പരീക്ഷാ രീതികളിൽ നിർണ്ണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് ഖത്തർ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. 2025-2026 അധ്യയന വർഷത്തെ രണ്ടാം സെമസ്റ്റർ മിഡ്-ടേം പരീക്ഷകൾക്ക് പകരമായി ബദൽ മൂല്യനിർണ്ണയ രീതികൾ നടപ്പിലാക്കാനാണ് തീരുമാനം.

​ഒന്ന് മുതൽ പതിനൊന്ന് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് ഈ പുതിയ മാറ്റം ബാധകമാകുന്നത്. സുരക്ഷിതവും സുസ്ഥിരവുമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ ഈ നീക്കം.

പുതിയ മാറ്റങ്ങൾ ഇങ്ങനെ:

  • 1, 2 ക്ലാസുകൾ: ഇവർക്ക് മിഡ്-ടേം പരീക്ഷകൾ ഉണ്ടാകില്ല. പകരം ക്ലാസുകളിലെ തുടർച്ചയായ മൂല്യനിർണ്ണയത്തിന്റെ (Continuous Assessment) അടിസ്ഥാനത്തിലായിരിക്കും മാർക്ക് നൽകുക.
  • 3 മുതൽ 11 വരെയുള്ള ക്ലാസുകൾ: ഈ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓരോ വിഷയത്തിനും 30 മാർക്കിന്റെ ഇലക്ട്രോണിക് അസസ്‌മെന്റ് ഉണ്ടായിരിക്കും. വിഷയത്തിന്റെ സ്വഭാവമനുസരിച്ച് ഓറൽ അല്ലെങ്കിൽ പ്രാക്ടിക്കൽ പരീക്ഷകളുടെ മാർക്കും ഇതിൽ ഉൾപ്പെടുത്തും.
  • തിയതികൾ: സർക്കാർ സ്‌കൂളുകൾ ഏപ്രിൽ 14 മുതൽ 16 വരെ ‘ഖത്തർ എഡ്യൂക്കേഷൻ സിസ്റ്റം’ വഴി പരീക്ഷകൾ നടത്തണം. സ്വകാര്യ സ്‌കൂളുകൾ അവരുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ഇതേ കാലയളവിൽ തന്നെ പരീക്ഷകൾ പൂർത്തിയാക്കണം.
  • അവസാന തിയതി: എല്ലാ വിദ്യാർത്ഥികളും ഏപ്രിൽ 21-നകം പരീക്ഷാ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.

​അധ്യാപകർ ഈ മൂല്യനിർണ്ണയങ്ങൾ പരിശോധിച്ച് മാർക്കുകൾ നാഷണൽ സ്റ്റുഡന്റ് ഇൻഫർമേഷൻ സിസ്റ്റത്തിൽ (NSIS) രേഖപ്പെടുത്തും. പരീക്ഷാ രീതികളെക്കുറിച്ച് രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും കൃത്യമായി ബോധിപ്പിക്കണമെന്ന് സ്‌കൂൾ അധികൃതർക്ക് മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

​നേരത്തെ പ്രഖ്യാപിച്ചതുപോലെ ഈ ആഴ്ച മുഴുവൻ ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. അടുത്ത ആഴ്ച പരീക്ഷാ നടപടികളിലേക്ക് വിദ്യാർത്ഥികൾക്ക് പ്രവേശിക്കാവുന്നതാണ്.

Related Articles

Back to top button