
ഖത്തറിൽ കോവിഡ് ബൂസ്റ്റർ വാക്സിൻ ഷോട്ട് എല്ലാവരും എടുക്കേണ്ടതുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വാക്സിനേഷൻ മേധാവി ഡോ. സോഹ അൽ ബയാത്ത് വ്യക്തമാക്കി. വാക്സിനേഷൻ രണ്ട് ഡോസും എടുത്ത് 8 മാസം പിന്നിട്ട യോഗ്യരായ എല്ലാവരും ബൂസ്റ്റർ ഡോസും എടുക്കണം. എന്നാൽ നിലവിൽ 65 വയസ്സിനു മുകളിലുള്ളവർക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കുമാണ് മുൻഗണന നൽകുന്നത്. ഖത്തർ ടിവിയുമായുള്ള അഭിമുഖത്തിലാണ് സോഹ അൽ ബയാത്ത് ബൂസ്റ്റർ ഡോസിനെക്കുറിച്ചുള്ള അവ്യക്തത നീക്കിയത്.
ബൂസ്റ്റർ ഡോസ് സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും വാക്സിനിലെ ഒന്നും രണ്ടും ഡോസുകളിൽ നിന്നും വ്യത്യസ്തമായ ഒരു പാർശ്വഫലങ്ങളും ബൂസ്റ്റർ ഡോസിനുമില്ലെന്നും അവർ വിശദീകരിച്ചു.
ഇൻഫ്ലുവൻസ (ഫ്ലൂ), കോവിഡ് വാക്സിനുകൾ എന്നിവ ഒരേസമയം സുരക്ഷിതമായി എടുക്കാനുമാകും. ഏറ്റവും പുതിയ ക്ലിനിക്കൽ തെളിവുകൾ പ്രകാരം രണ്ട് വാക്സിനുകൾ ഒരേസമയം എടുക്കുന്നത് കൊണ്ട് പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ലെന്നും അൽ ബയാത്ത് വ്യക്തമാക്കി.