ജൂലൈ 19 മുതൽ ഓഗസ്റ്റ് 11 വരെ ഖത്തറിൽ നടക്കുന്ന ആറാമത് തദ്ദേശീയ ഈത്തപ്പഴ ഫെസ്റ്റിവലിന് ദോഹയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ അൽ മീറയും ആതിഥ്യമരുളുന്നു. ഈയിടെ പ്രവർത്തനം ആരംഭിച്ച ജെറിയൻ സ്റ്റോറുകളിൽ ഉൾപ്പെടെ അൽ മീറയുടെ വിവിധ ശാഖകൾ ഈത്തപ്പഴ മേളയ്ക്ക് വേദിയാകുന്നുണ്ട്. അൽ മീറ സ്റ്റോറുകളിൽ കഴിഞ്ഞ വർഷം നടന്ന ഈത്തപ്പഴ മേളയ്ക്ക് ലഭിച്ച വൻ സ്വീകാര്യതയാണ് ഈ വർഷവും ആതിഥ്യമരുളാൻ അധികൃതരെ പ്രേരിപ്പിച്ചത്.
തദ്ദേശീയ ഈത്തപ്പഴ വകഭേദമായ റുത്താബ് ഉൾപ്പെടെ വിവിധയിനം പ്രാദേശിക വ്യത്യസ്തതകൾ, ഓഗസ്റ്റ് 11 വരെ നീണ്ടുനിൽക്കുന്ന മേളയുടെ ഭാഗമാകും. മികച്ച പ്രമോഷണൽ ഓഫറുകളോടെയാണ് ഈത്തപ്പഴങ്ങൾ വിൽപ്പനക്ക് ലഭ്യമാകുന്നത്. പത്തോളം ലോക്കൽ ഫാമുകൾ പങ്കാളികളാകുന്ന മേളയിൽ 27 ടണ് ഈത്തപ്പഴങ്ങളാണ് വിൽക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നത്.