അഫ്‌ഗാൻ: ഇന്ത്യൻ വിദേശകാര്യ മന്ത്രി ദോഹയിൽ; ഷെയ്ഖ് മുഹമ്മദുമായി കൂടിക്കാഴ്ച്ച
ദോഹ: യുഎസിൽ നിന്നുള്ള മടക്കമധ്യേ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ വെള്ളിയാഴ്ച ദോഹയിലിറങ്ങി. അഫ്‌ഗാനിലെ താലിബാൻ മുന്നേറ്റ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ജയ്ശങ്കറിന്റെ പെട്ടെന്നുള്ള ദോഹ സന്ദർശനം. വിഷയത്തിൽ, ഖത്തർ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് അബ്ദുൾ റഹ്മാൻ ബിൻ ഹമദ് അൽ ഥാനിയുമായി ആശയങ്ങൾ പങ്കുവെച്ചതായി ജയ്ശങ്കർ ട്വിറ്ററിൽ കുറിച്ചു.
അഫ്‌ഗാൻ വിഷയത്തിൽ സമീപമാസങ്ങളിലായി ഇന്ത്യയും ഖത്തറും ചർച്ചകൾ തുടരുന്നുണ്ട്. സംഘർഷ പരിഹാരത്തിനായുള്ള ഖത്തറിന്റെ സ്‌പെഷ്യൽ എൻവോയ് മുത്ലാഖ് ബിൻ മജെദ് അൽ ഖഹ്താനി ഈ മാസം ആദ്യം ന്യുഡൽഹിയിലെത്തി ഇന്ത്യയെ ചർച്ചകൾക്കായി ക്ഷണിച്ചിരുന്നു.
Met Sheikh Mohammed bin Abdulrahman Al Thani @MBA_AlThani_ DPM & FM Qatar during my stop over in Doha.
— Dr. S. Jaishankar (@DrSJaishankar) August 20, 2021
Had useful exchange of views on Afghanistan pic.twitter.com/dDoWTCp4zz
2013 മുതൽ താലിബാന്റെ രാഷ്ട്രീയകാര്യ ഓഫീസ് പ്രവർത്തിക്കുന്ന ദോഹ, അഫ്‌ഗാനിലെ സമാധാന പുനഃസ്ഥാപനത്തിനായും സൈനിക പിന്മാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ താലിബാനും യുഎസ്സിനും അഫ്‌ഗാൻ ഗവണ്മെന്റ് പ്രതിനിധികൾക്കുമിടയിൽ ചർച്ചയ്ക്കുമുള്ള വേദിയായിരുന്നു.
പാകിസ്ഥാന്റെ പിന്തുണയോട് കൂടിയ താലിബാന്റെ അഫ്‌ഗാൻ കീഴടക്കൽ ഇന്ത്യക്ക് പ്രതികൂലമായാണ് കരുതപ്പെടുന്നത്. താലിബാനുമായി ഇന്ത്യൻ പ്രതിനിധികൾ ബന്ധപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടെങ്കിലും മറ്റു വിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ മാസം ഇന്ത്യൻ പ്രതിനിധികൾ ദോഹയിൽ താലിബാനുമായി ചർച്ച നടത്തിയതായി വന്ന റിപ്പോർട്ടുകൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിരുന്നു. പുതിയ സംഭവികാസങ്ങളിൽ വിദേശകാര്യ മന്ത്രിയുടെ ദോഹ സന്ദർശനത്തിന് ഇന്ത്യയുടെ നയതന്ത്ര നിലപാടിലേക്ക് കൂടി ഉറ്റുനോക്കുന്ന മാധ്യമങ്ങൾ കൂടുതൽ പ്രസക്തി കല്പിക്കുന്നുണ്ട്.