യാത്രക്കാർക്ക് അതിർത്തി കടക്കുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കാൻ വിപുലമായ പദ്ധതിയുമായി അബു സമ്ര ബോർഡർ

ഈദ് അൽ-അദ്ഹ അവധിദിവസങ്ങളും അവധിക്കാല സീസണും വന്നിരിക്കെ, യാത്ര എളുപ്പത്തിലും വേഗത്തിലും ആക്കുന്നതിനായി അബു സംറ ബോർഡർ വിപുലമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കൂടുതൽ ജീവനക്കാരെയും മികച്ച ഡിജിറ്റൽ ഉപകരണങ്ങളും ഉപയോഗിച്ച് ബോർഡറിലെ കാലതാമസം കുറയ്ക്കുകയും സുഗമമായ സേവനം നൽകുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് അബു സംറ ബോർഡർ പാസ്‌പോർട്ട് വിഭാഗം മേധാവി മേജർ മുഹമ്മദ് മുബാറക് അൽ ബുഐനൈൻ പറഞ്ഞു.
കൂടുതൽ ആളുകൾ അതിർത്തി കടക്കുന്ന തിരക്കേറിയ സമയങ്ങൾ കൈകാര്യം ചെയ്യുന്നതിനും പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. ബോർഡറിലെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന് സ്വീകരിച്ച നിരവധി നടപടികളിൽ ഒന്ന് മാത്രമാണിതെന്ന് അൽ ബുഐനൈൻ ഖത്തർ ടിവിയോട് പറഞ്ഞു.
ബോർഡർ കൈകാര്യം ചെയ്യുന്നതിനായി നിരവധി സർക്കാർ വകുപ്പുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. ലാൻഡ് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ്, പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് ഓഫ് ബോർഡർ ക്രോസിംഗ്സ്, ഇൻഫർമേഷൻ സിസ്റ്റംസ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ടീം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
യാത്രയ്ക്ക് മെട്രാഷ് 2 ആപ്പിൽ മുമ്പ് മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ ഉദ്യോഗസ്ഥർ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നു. അതിർത്തിയിലെ പ്രക്രിയ വേഗത്തിലാക്കാൻ ഇത് സഹായിക്കുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്താൽ നാല് പേർക്ക് സഞ്ചരിക്കാവുന്ന ഒരു വാഹനത്തിന് വെറും 20 സെക്കൻഡിനുള്ളിൽ അതിർത്തി കടക്കാൻ കഴിയും.
കുടുംബങ്ങൾക്കും വികലാംഗർക്കുമായി പ്രത്യേക പാതകളുണ്ട്, മികച്ച പിന്തുണയും നൽകുന്നു. വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യങ്ങളിൽ പോലും അവരെ സഹായിക്കാൻ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുണ്ട്.
പെട്ടെന്നുള്ള ഏത് പ്രശ്‌നങ്ങളും നേരിടാൻ അബു സംറ ബോർഡർ 24/7 പ്രവർത്തിക്കുന്നു. അൽ ബുഐനൈൻ പറയുന്നതനുസരിച്ച്, ബാക്കപ്പ് പ്ലാനുകളും അവർക്കുണ്ട്. യാത്രക്കാരുടെ ഫീഡ്‌ബാക്കിനെ അടിസ്ഥാനമാക്കി അവർ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കും.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/EXau0c7bVzpANryExd3Apv