Qatar

ദീർഘകാല ഖത്തർ പ്രവാസിയും സാമൂഹ്യ പ്രവർത്തകനുമായ ഡോ.എബ്രഹാം കൊല്ലമന അന്തരിച്ചു

ദീർഘകാലം ഖത്തർ പ്രവാസിയും കമ്യൂണിറ്റി നേതാവുമായിരുന്ന ഡോ.എബ്രഹാം കൊല്ലമന ശനിയാഴ്ച അന്തരിച്ചു. 74 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം സ്വന്തം നാടായ തിരുവല്ലയിൽ വച്ചാണ് മരിച്ചത്.

ഖത്തറിലെ കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരുന്ന ഡോ. എബ്രഹാം ഫിസിഷ്യൻ ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷം 2019-ൽ ദോഹ വിട്ടു.

വിമാനത്താവളത്തിൽ ഫിസിഷ്യനായി ജോലി ആരംഭിച്ച എബ്രഹാം പിന്നീട് 1970-കൾ മുതൽ പൊതുജനാരോഗ്യ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു.

ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി), ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്) എന്നിവയിൽ അംഗമായ ഡോ. എബ്രഹാം, തിരുവല്ല മലയാളി കൂട്ടായ്മയായ ‘ഫ്രണ്ട്സി’ന്റെ സ്ഥാപക അംഗവുമായിരുന്നു.

1999-2001 കാലഘട്ടത്തിൽ ഐസിസി (ഇന്ത്യൻ കൾച്ചറൽ സെന്റർ) യുടെ മാനേജ്‌മെന്റ് കമ്മിറ്റി അംഗവും 2008-10 കാലഘട്ടത്തിൽ ഐസിബിഎഫിന്റെ വൈസ് പ്രസിഡന്റുമായിരുന്നു ഡോ. എബ്രഹാം. ഒരു മെഡിക്കൽ പ്രൊഫഷണലായ തന്റെ തിരക്കുകൾക്കിടയിലും അദ്ദേഹം അപെക്സ് ബോഡികൾക്ക് വളരെ പ്രശംസനീയമായ സംഭാവനകൾ നൽകിയതായി, ഐസിസി പ്രസിഡന്റ് പി എൻ ബാബുരാജൻ അനുസ്മരിച്ചു.

ഇന്ത്യൻ നാഷണൽ കൾച്ചറൽ ആൻഡ് ആർട്സ് സൊസൈറ്റി (INCAS) ഖത്തർ ചാപ്റ്ററിന്റെ സ്ഥാപകരിലൊരാളാണ് ഡോ എബ്രഹാം. ഡോ. എബ്രഹാമിന്റെ കുടുംബത്തിനും ബന്ധുക്കൾക്കും ഞങ്ങളുടെ അനുശോചനം അറിയിക്കുകയും പരേതന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നതായി INCAS ഖത്തർ പ്രസിഡന്റ് ഹൈദർ ചുങ്കത്തറ പ്രസ്താവനയിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button