Qatar

മിസഈദ് വാഹനാപകടം: മരണപ്പെട്ട മലയാളികളെ തിരിച്ചറിഞ്ഞു

ഖത്തർ മിസഈദിൽ ഇന്നലെ വൈകിയുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളികളുടെ പേരുവിവരങ്ങൾ തിരിച്ചറിഞ്ഞു. തൃശൂർ അകത്തിയൂർ അമ്പലത്തുവീട്ടിൽ റസാഖ് (31), കോഴിക്കോട് സ്വദേശി ഷമീം മാരൻ കുളങ്ങര (35), ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട്ട് (37) എന്നിവരാണ് മരിച്ചത്. 

വാഹനത്തിന്റെ ഡ്രൈവറായിരുന്ന ഇരിട്ടി സ്വദേശി ശരൺജിത്​ ശേഖരനും സജിത്തിന്‍റെ ഭാര്യയും പരിക്കുകളോടെ ഹമദ്​ ആശുപത്രിയിൽ ചികിത്സയിലാണ്​. അപകടം നടക്കുമ്പോൾ സജിത്തിന്റെ 2 കുട്ടികളും വാഹനത്തിലുണ്ടായിരുന്നു. 

പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി മുഐതറിൽ നിന്ന് ഉച്ചയോടെയാണ് ഇവർ സീലൈനിലേക്ക് തിരിക്കുന്നത്. സഞ്ചരിച്ചിരുന്ന ലാൻഡ് ക്രൂയിസർ വാഹനം വൈകിട്ടോടെ കല്ലിലിടിച്ച് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. 3 പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. 

പരിക്കേറ്റവരെ എയർ ആംബുലൻസിൽ വക്ര ഹമദ് ആശുപത്രിയിലെത്തിച്ചു. 

മരണപ്പെട്ട റസാഖ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്യുന്നയാളാണ്. സജിത്ത് വുഖൂദ് ജീവനക്കാരനാണ്. അടുത്തടുത്ത വില്ലകളിൽ താമസിക്കുന്നവരായിരുന്നു ഇവർ.

മൃതദേഹങ്ങൾ വക്ര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശമീമിന്റെ മൃതദേഹം അബു ഹമൂർ ഖബർ സ്ഥാനിൽ മറവു ചെയ്‌തേക്കും. മറ്റു രണ്ടു പേരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button