2022 ഫിഫ ഖത്തർ ലോകകപ്പ് ടിക്കറ്റ് വിൽപ്പനയുടെ ആദ്യഘട്ടം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിക്കും. ഔദ്യോഗിക വെബ്‌സൈറ്റിലെ ടിക്കറ്റ് പോർട്ടൽ വഴി fifa.com/tickets ആദ്യ ഘട്ട ടിക്കറ്റ് ബുക്കിംഗ് 2022 ഫെബ്രുവരി 8 ഉച്ചയ്ക്ക് 1 മണി വരെ ലഭ്യമാകും. ആദ്യഘട്ടത്തിൽ വീസ കാർഡ് ഉള്ളവർക്ക് മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാവുക.
2022 ജനുവരി 19 നും ഫെബ്രുവരി 19 നും ഇടയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ നിലവിൽ പണം നൽകേണ്ടതില്ല. ഈ ഒരു മാസത്തെ വിൽപ്പനയിൽ ബുക്ക് ചെയ്തവരിൽ, പിന്നീട് നടക്കുന്ന റാൻഡം നറുക്കെടുപ്പിലൂടെ പൂർണമായോ ഭാഗികമായോ തിരഞ്ഞെടുക്കപ്പെട്ടവരെ ഇമെയിൽ വഴി അറിയിക്കും. ടിക്കറ്റുകളുടെ ഡിമാൻഡ് അനുവദിച്ച നമ്പറിൽ കൂടുതലാണെങ്കിൽ, ഒരു റാൻഡം സെലക്ഷൻ നറുക്കെടുപ്പ് നടത്തുകയും മാർച്ചിൽ ആരാധകരെ അറിയിക്കുകയും ചെയ്യും. ശേഷം ഇവർക്ക് പണമടച്ച് ടിക്കറ്റുകൾ ക്ലെയിം ചെയ്യാം.
ആദ്യ ഘട്ടത്തിൽ ഒരു ദശലക്ഷം ടിക്കറ്റുകളാണ് ഉൾപ്പെടുന്നത് (2022 ലോകകപ്പിലെ 64 മത്സരങ്ങൾക്കായി ലഭ്യമാകുന്ന മൊത്തം 3 ദശലക്ഷം ടിക്കറ്റിന്റെ 1/3 ഭാഗം).
നാല് കാറ്റഗറി ടിക്കറ്റുകൾ ഉണ്ടാകും. അതിൽ കാറ്റഗറി-4 ഖത്തർ നിവാസികൾക്ക് മാത്രമായിരിക്കും. 40QR-ൽ ആരംഭിക്കുന്ന ടിക്കറ്റുകൾ അവയിൽ ലഭ്യമാണ്. ഫൈനലിന് 750 റിയാൽ ആണ് ഇതിലെ പരമാവധി നിരക്ക്.
ഖത്തർ റെസിഡന്റ്സിന് അവരുടെ ക്യുഐഡി ഉപയോഗിച്ച് അവർക്കും കുടുംബങ്ങൾക്കും ടിക്കറ്റ് വാങ്ങാം. ഈ ടിക്കറ്റുകൾ കൈമാറാൻ കഴിയില്ല. വാങ്ങുന്നയാൾ ഔദ്യോഗികമായി വീണ്ടും വിൽക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ മാത്രമേ ഫിഫയ്ക്ക് വീണ്ടും വിൽക്കാനോ തിരികെ നൽകാനോ കഴിയൂ.
അതേസമയം, ഫിഫ വെബ്‌സൈറ്റിൽ വ്യത്യസ്ത നിരക്കുകളും താമസ ബുക്കിംഗ് ഓപ്ഷനുകളും സഹിതം വിദേശ ആരാധകർക്കുള്ള ടിക്കറ്റ് ബുക്കിംഗും ബുധനാഴ്ച ആരംഭിക്കും. കൂടുതൽ ടിക്കറ്റ് ബുക്കിംഗ് ഘട്ടങ്ങൾ പിന്നീട് അറിയിക്കും.
2022 ലോകകപ്പിനുള്ള അവസാന ഘട്ട ടിക്കറ്റ് വിൽപ്പന ഡിസംബറിലാണ് നടക്കുക. ഫിഫ ലോകകപ്പ് ഖത്തർ 2022, ഈ വർഷാവസാനം നവംബർ 21 മുതൽ ഡിസംബർ 18 വരെ (ഖത്തർ ദേശീയ ദിനം) നടക്കും.