ഖത്തറിൽ ഇന്ന് 2779 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 2053 പേർ ഖത്തറിലുള്ളവരും 726 പേർ വിദേശത്ത് നിന്നെത്തിയ യാത്രക്കാരുമാണ്. നേരത്തെ 2020 മെയ് 30 ന് കോവിഡിന്റെ ആദ്യ തരംഗത്തിൽ രേഖപ്പെടുത്തിയ 2355 എന്ന പ്രതിദിന കേസുകളെ കവച്ചു വച്ച് സർവകാല റെക്കോഡാണ് ഇപ്പോൾ സംഭവിച്ചിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിൽ 317 പേർക്കാണ് രോഗമുക്തി. ആകെ രോഗികൾ 12881 ലേക്ക് ഉയർന്നിട്ടുണ്ട്. എന്നാൽ ആശുപത്രിയിലുള്ളത് ഇന്ന് പ്രവേശിച്ച 64 പേർ ഉൾപ്പെടെ 432 പേരാണ്. അതിൽ ഇന്നത്തെ 8 പേർ ഉൾപ്പെടെ 42 പേരാണ് ഐസിയുവിൽ.
പ്രതിദിന ടെസ്റ്റ് 36619 ലേക്ക് ഉയർന്നിട്ടുണ്ട്. ടെസ്റ്റ് ദൗർലഭ്യത്തിന് ഒരു പരിധി വരെ പരിഹാരം കണ്ട് യാത്ര കഴിഞ്ഞു മടങ്ങിയെത്തിയവർക്കും 50 വയസ്സിൽ താഴെയുള്ളവർക്കും പിസിആറിന് പകരം ആന്റിജൻ ടെസ്റ്റ് അനുവദനീയമാക്കി. പിസിആർ ആവശ്യമുള്ളവർക്കായി ഇന്ന് മുതൽ ലുസൈലിൽ പുതിയ ഡ്രൈവ് കേന്ദ്രം തുറക്കും.
അതേസമയം, പുതിയ കോവിഡ് നിയന്ത്രണങ്ങൾ ശനിയാഴ്ച മുതൽ നിലവിൽ വരും. വിവിധ മേഖലകളെ ഇൻഡോർ, ഔട്ഡോർ തലങ്ങൾ അടിസ്ഥാനമാക്കി, പ്രവേശന പരിധി ക്രമീകരിച്ചിട്ടുണ്ട്. പൊതുഗതാഗതത്തിൽ 60% പേർ മാത്രം. സ്‌കൂളുകളിൽ ജനുവരി 27 വരെ ഓണ്ലൈൻ ക്ലാസ് തുടരും. മാസ്കും ഇഹ്തിറാസും കർശനമാക്കി.
രാജ്യത്ത് മൂന്നാം തരംഗം ഇനിയും ആഴ്ചകൾ നീണ്ടു നിൽക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇനിയുള്ള ആഴ്‌ചകൾ ജാഗ്രത കടുപ്പിക്കണമെന്നാണ് നിർദ്ദേശം. വരുന്ന മൂന്ന് മുതൽ 4 ആഴ്ചകൾ വരെ രോഗം ഉച്ചസ്ഥായിലെത്തുമെന്നു പ്രതീക്ഷിക്കുന്നതായും ജനങ്ങൾ അധിക ജാഗ്രത കൈക്കൊള്ളണമെന്നും കോവിഡ് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയർമാൻ അബ്ദുൾ ലത്തീഫ് അൽ ഖാൽ പറഞ്ഞു.
പ്രതിരോധ, മുൻകരുതൽ നടപടികൾ പാലിച്ചുകൊണ്ട് കോവിഡ് പകർച്ചവ്യാധി നിയന്ത്രിക്കുന്നതിന് അധികാരികളുമായി സഹകരിക്കണമെന്ന് ഇഹ്തിറാസ് യൂണിറ്റിലെ കേണൽ റാഷിദ് സരായ് അൽ-കഅബി ഖത്തർ നിവാസികളോട് അഭ്യർത്ഥിച്ചു.