ഖത്തറിലെ ഏറ്റവും വലിയ ഫുട്‌ബോൾ ടൂർണമെന്റായി വിശേഷിപ്പിക്കപ്പെടുന്ന അമീർ കപ്പ് ഫൈനലിൽ ഒരിക്കൽ കൂടി വിജയകിരീടം ചൂടി ടീം അൽ സദ്ദ്. 5-4 എന്ന ഗോൾ നിലയിൽ പെനാൽട്ടി ഷൂട്ടൗട്ടിലൂടെയാണ് അൽ സദ്ദ് അൽ റയ്യാനെ പരാജയപ്പെടുത്തിയത്.
ആദ്യപകുതിയിൽ, നാല്പത്തിനാലാം മിനിറ്റിൽ പെനാൽട്ടി ഷൂട്ടിലൂടെ അൽ റയ്യാനാണ് ഒരു ഗോൾ നേടി മത്സരത്തിൽ മേൽക്കോയ്മ കരസ്ഥമാക്കിയത്. ഇതോടെ വാശിയേറിയ മത്സരത്തിന് രണ്ടാം പകുതിയുടെ ആരംഭത്തിൽ (54 ആം മിനിറ്റ്) പെനാൽട്ടിയിലൂടെ തന്നെ ഗോൾ മടക്കി അൽ സദ്ദ് സമനില പിടിച്ചെടുത്തു. റയ്യാന് വേണ്ടി യാസീൻ ബ്രഹിമിയും സദ്ദിന് വേണ്ടി സാന്റി കാസ്റോളയുമാണ് ഗോൾ നേടിയത്.
89-ആം മിനിറ്റിൽ അൽ സദ്ദിന് വീണ്ടും പെനാൽട്ടി ഷൂട്ട് ലഭിച്ചെങ്കിലും വിഡിയോ ചെക്കിംഗിലൂടെ അത് പിൻവലിച്ചത് സമനില തുടരാൻ കാരണമായി.
തുടർന്ന് വിജയിയെ നിശ്ചയിക്കാൻ പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക് പോയ മത്സരം 5-4 എന്ന നിലയിൽ തുടരവേ, അൽ റയാനിന്റെ അവസാന ഷൂട്ട് അൽ സദ്ദ് ഗോളി സഅദ് ശീബ് തടുത്തതോടെ മത്സരത്തിൽ ഒരൊറ്റ പെനാൽട്ടി ഗോളിന് അൽ സദ്ദ് ഒരിക്കൽ കൂടി അമീർ കപ്പിൽ മുത്തമിട്ടു.
ഇത് പതിനെട്ടാം തവണയാണ് അൽ സദ്ദ് അമീരി കപ്പ് ജേതാക്കളാവുന്നത്. കഴിഞ്ഞ വർഷവും അൽ സദ്ദ് തന്നെയായിരുന്നു വിജയികൾ.
മുഴുവൻ ശേഷിയിൽ ജനസമുദ്രമായി മാറിയ ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയമായ അൽ തുമാമ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരം കൂടിയായി അമീർ കപ്പ് ഫൈനൽ.