ദോഹ: ടൂറിസ്റ്റ് ഏരിയകളിൽ, ഫ്ലേവേഡ് ടോബാക്കോ ഉപഭോഗ കേന്ദ്രങ്ങളായ, ഷീഷാ സർവീസുകൾ ആരംഭിക്കാമെന്നു വ്യാപാര വ്യവസായ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 3 മുതൽ ഖത്തറിൽ നാലാം ഘട്ട കോവിഡ് ഇളവുകൾ പ്രഖ്യാപിച്ച, സെപ്റ്റംബർ 29 ലെ മന്ത്രിസഭാതീരുമാനത്തെത്തുടർന്നാണ് പുതിയ അനുമതി.
ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ തുറന്ന സ്ഥലങ്ങളിൽ മാത്രമാണ് ഷീഷാ സർവീസ് നടത്താനാവുക. ഉപഭോക്താക്കൾ പരസ്പരം 2 മീറ്റർ എങ്കിലും സുരക്ഷിത അകലം പാലിക്കാൻ നിർദ്ദേശിക്കേണ്ടതുണ്ട്.
റസ്റ്ററന്റുകളെ സംബന്ധിച്ച മറ്റു ഇളവുകൾ ഇങ്ങനെ:
-ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റ് ഉള്ള മുഴുവൻ ഓപ്പൺ റസ്റ്ററന്റുകൾക്കും കഫേകൾക്കും 100% ശേഷിയിൽ ആളുകളെ പ്രവേശിപ്പിക്കാം. മറ്റുള്ളവയ്ക്ക് 50% ആണ് പരിധി.
-ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റ് ഉള്ള ക്ളോസ്ഡ് ഇടങ്ങളിലെ റസ്റ്ററന്റുകൾക്കും കഫേകൾക്കും 75% ശേഷിയിലും സർട്ടിഫിക്കറ്റ് ഇല്ലാത്തവയ്ക്ക് 40% ശേഷിയിലും ആളുകളെ പ്രവേശിപ്പിക്കാം.
-കസ്റ്റമേഴ്‌സ് എല്ലാം വാക്സീൻ സ്വീകരിച്ചവരായിരിക്കണം. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം ഫാമിലിയോടൊപ്പം മാത്രം.