ലോകത്തെ ഏറ്റവും വലിയ റേസിംഗ് സ്പോർട്ട് ഇവന്റായ ഫോർമുല വണ്ണിന് ഈ നവംബറിൽ ഖത്തർ ആതിഥ്യമരുളും. രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ ഫോർമുല വണ്ണിന് നവംബർ 19 മുതൽ 21 വരെ ദോഹ ലുസൈൽ സർക്യൂട്ട് ആണ് വേദിയാവുക. 2004 മുതൽ മോട്ടോജിപ്പി റേസിന് വേദിയാകുന്ന സർക്യൂട്ട് ആണ് ലുസൈൽ.
ഈ വർഷം കൂടാതെ, 2023 മുതൽ 2032 വരെ പത്ത് വർഷത്തേക്കും ഫോർമുല വൺ ഖത്തറിൽ അരങ്ങേറും. ഫിഫ ഖത്തർ ലോകകപ്പ് നടക്കുന്നതിനാൽ 2022 ൽ ലുസൈൽ ഫോർമുല വൺ ഒഴിവാക്കിയിട്ടുണ്ട്.
ഖത്തർ മോട്ടോർ ആന്റ് മോട്ടോർ സൈക്കിൾ ഫെഡറേഷനും ഫോർമുല വണ്ണും തമ്മിലുള്ള സംയുക്തമായ കരാറിലാണ് 12 സീസണുകളിലായി നടക്കുന്ന 11 റേസുകൾക്ക് ഖത്തർ ആതിഥ്യമരുളുന്നത്. ഉരീദു ഗ്രാന്റ് പിക്‌സ് എന്നറിയപ്പെടുന്ന ഇവന്റുകൾ നൈറ്റ് റേസുകളായിട്ടാവും അരങ്ങേറുക.