
ദോഹ: ദുഖാൻ ബാങ്കിന്റെ തറാ (Thara’a) സേവിംഗ്സ് അക്കൗണ്ട് 2025 വർഷത്തെ അവസാന വട്ട നറുക്കെടുപ്പിലെ മെഗാ സമ്മാന വിജയിയെ പ്രഖ്യാപിച്ചു. ഒരു മില്യൺ ഖത്തർ റിയാലിന്റെ (10 ലക്ഷം റിയാൽ) ഗ്രാൻഡ് പ്രൈസ് വിജയിയായി ശരീഫ മുഹമ്മദ് അൽ റുമൈഹിയെ തിരഞ്ഞെടുത്തു.
വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ക്വാളിറ്റേറ്റീവ് ലൈസൻസ് ആൻഡ് മാർക്കറ്റ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധിയുടെ മേൽനോട്ടത്തിൽ നടന്ന ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെയാണ് വിജയിയെ നിശ്ചയിച്ചത്.
മികച്ച സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ദുഖാൻ ബാങ്ക് നടപ്പിലാക്കുന്ന തറാ സേവിംഗ്സ് ക്യാമ്പയിനിലൂടെ ഈ വർഷം ആകെ 5,025,000 ഖത്തർ റിയാലാണ് സമ്മാനമായി നൽകിയത്. വർഷത്തിലുടനീളം 327 വിജയികളാണ് ഈ പദ്ധതിയിലൂടെ സമ്മാനങ്ങൾ സ്വന്തമാക്കിയത്. ഇതിൽ ഓരോ നാല് മാസം കൂടുമ്പോഴും നൽകുന്ന ഒരു മില്യൺ റിയാലിന്റെ മൂന്ന് ഗ്രാൻഡ് പ്രൈസുകളും ഉൾപ്പെടുന്നു.
ഇതുകൂടാതെ പ്രതിമാസം ഒരാൾക്ക് ലഭിക്കുന്ന 50,000 റിയാലിന്റെ സമ്മാനവും, 35 പേർക്ക് വീതം ലഭിക്കുന്ന 5,000 റിയാലിന്റെ മറ്റ് സമ്മാനങ്ങളും പദ്ധതിയുടെ ഭാഗമായി നൽകിവരുന്നു.
ഇസ്ലാമിക മൂല്യങ്ങൾക്ക് അനുസൃതമായി ഉപഭോക്താക്കൾക്കിടയിൽ സമ്പാദ്യശീലം വളർത്തുന്നതിനൊപ്പം അവരെ മികച്ച രീതിയിൽ പ്രതിഫലിപ്പിക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്ക് പിന്നിലുണ്ടെന്ന് ദുഖാൻ ബാങ്ക് അറിയിച്ചു.




