Qatar

മികച്ച വളണ്ടിയർ സേവനത്തിനുള്ള ഫിഫ പുരസ്‌കാരം ഖത്തർ പ്രവാസിയായ കാസർഗോഡ് സ്വദേശിക്ക്

2025ലെ ഖത്തറിലെ മികച്ച വളന്റിയർ സേവനത്തിനുള്ള ഫിഫ പുരസ്‌കാരം കാസർകോട് സ്വദേശിക്ക്. കാസർകോട് ബോംബ്രണ സ്വദേശി സിദ്ദീഖ് നമ്പിടിയാണ് ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്. വെള്ളിയാഴ്ച ലുസൈൽ ഫാൻ സോണിൽ നടന്ന വിജയാഘോഷ പരിപാടിയിൽ ഫിഫ അണ്ടർ 17 വേൾഡ് കപ്പ് വിഭാഗത്തിൽ മികച്ച വളന്റിയർ സേവനത്തിനുള്ള അവാർഡ് അദ്ദേഹം ഏറ്റുവാങ്ങി.

ഫിഫ അണ്ടർ 17 വേൾഡ് കപ്പ്, അറബ് കപ്പ്, ഇന്റർകോണ്ടിനെന്റൽ കപ്പ് എന്നീ മൂന്ന് അന്താരാഷ്ട്ര ടൂർണമെന്റുകൾക്കായി ഏകദേശം 3,500 വളന്റിയർമാരെയാണ് തെരഞ്ഞെടുത്തത്. ഓരോ വിഭാഗത്തിലും ഓരോ സ്റ്റേഡിയത്തിലെയും മികച്ച വളന്റിയർമാരെയാണ് ലുസൈൽ ഫാൻ സോണിൽ നടന്ന ചടങ്ങിൽ ആദരിച്ചത്. അണ്ടർ 17 വേൾഡ് കപ്പിലെ മികച്ച സേവനത്തിനാണ് സിദ്ദീഖ് അവാർഡിന് അർഹനായത്. അവാർഡ് ലഭിച്ചവരിൽ ഏക ഇന്ത്യക്കാരനും സിദ്ദീഖ് തന്നെയാണ്.

ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി സി.ഇ.ഒ ജാസിം അൽ ജാസിം, അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹയ മുഹമ്മദ് അൽ നഈമി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഖത്തറിലെ നിരവധി ദേശീയവും അന്താരാഷ്ട്രവുമായ പരിപാടികളിൽ സജീവ സാന്നിധ്യമാണ് സിദ്ദീഖ്. കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ദോഹ എക്സ്പോയിൽ ഏറ്റവും കൂടുതൽ ഷിഫ്റ്റുകളിൽ സേവനമനുഷ്ഠിച്ചതിനുള്ള അവാർഡും അദ്ദേഹം നേടിയിരുന്നു. 2022 ഫിഫ വേൾഡ് കപ്പ്, 2023 ഏഷ്യ കപ്പ്, ഫോർമുല വൺ, ദോഹ മാരത്തൺ തുടങ്ങിയ പ്രമുഖ കായിക മേളകളിലും സിദ്ദീഖ് വളന്റിയറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കഴിഞ്ഞ പതിനഞ്ച് വർഷമായി ഖത്തറിൽ പ്രവാസിയായ സിദ്ദീഖ്, തന്റെ സമർപ്പിത സേവനത്തിലൂടെ മലയാളികൾക്ക് അഭിമാനമായി മാറുകയാണ്.

Related Articles

Back to top button