ലെഖ്‌വിയയും ഖത്തർ വളണ്ടിയർ സെന്ററും സഹകരണ ധാരണാപത്രത്തിൽ ഒപ്പുവെച്ചു

ഖത്തറിലെ ആഭ്യന്തര സുരക്ഷാ സേന (ലെഖ്‌വിയ) യും, സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഖത്തർ വളണ്ടിയർ സെന്ററും സന്നദ്ധസേവന സഹകരണവും തിരച്ചിൽ, രക്ഷാപ്രവർത്തന പരിശീലനവും വർദ്ധിപ്പിക്കുന്നതിനായി ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ആഭ്യന്തര മന്ത്രിയും ലെഖ്‌വിയ കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ-താനിയുടെ രക്ഷാകർതൃത്വത്തിൽ ഒപ്പുവച്ച കരാർ, ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പ് ആഭ്യന്തരമായും വിദേശത്തും നടത്തുന്ന ദൗത്യങ്ങളിൽ പങ്കെടുക്കാൻ സന്നദ്ധപ്രവർത്തകരെ സജ്ജമാക്കാൻ ലക്ഷ്യമിടുന്നു.
ഉയർന്ന അച്ചടക്കവും പ്രവർത്തന കാര്യക്ഷമതയും ആവശ്യമുള്ള മേഖലകളിൽ ലെഖ്‌വിയയും മറ്റ് സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ ചുവടുവയ്പ്പാണ് ഈ പങ്കാളിത്തമെന്ന് ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പിന്റെ കമാൻഡർ മേജർ ഖാലിദ് അബ്ദുല്ല അൽ ഹമീദി പറഞ്ഞു.
ലെഖ്‌വിയ ഡെപ്യൂട്ടി കമാൻഡർ മേജർ ജനറൽ (സ്റ്റാഫ്) മുഹമ്മദ് മിസ്ഫർ അൽ ഷഹ്‌വാനി, സാംസ്കാരിക മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ഡോ. ഘാനം ബിൻ മുബാറക് അൽ അലി എന്നിവർ ഒപ്പുവയ്ക്കൽ ചടങ്ങിൽ പങ്കെടുത്തു.




