ചരിത്രം രചിച്ച് ഖത്തർ; 2026 ഫുട്‌ബോൾ ലോകകപ്പിന് യോഗ്യത നേടി

2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി ഖത്തർ. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെതിരെ 2-1 എന്ന നാഴികക്കല്ലായ വിജയം നേടിയാണ് വടക്കേ അമേരിക്കയിൽ നടക്കുന്ന ആഗോള ഫുട്‌ബോൾ ഷോപീസിനുള്ള യോഗ്യതാ പട്ടികയിൽ ഖത്തർ ഇതാദ്യമായി സ്വയം അടയാളപ്പെടുത്തിയത്.
2022 ലെ പതിപ്പിൽ ആതിഥേയരായി അരങ്ങേറ്റം കുറിച്ച ഖത്തറിന്റെ യോഗ്യത മത്സരങ്ങളിലൂടെയുള്ള ആദ്യ എൻട്രി ആണിത്.
ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിലാണ് ഖത്തർ അവസരത്തിനൊത്ത് ഉയർന്നത്.
ഹെഡ് കോച്ച് ജൂലൻ ലോപെറ്റെഗുയിയുടെ മാർഗനിർദേശപ്രകാരം, ഖത്തർ സ്വന്തം ആരാധകരെ ആനന്ദിപ്പിക്കുന്ന ഒരു സംയമനവും നിർണായകവുമായ പ്രകടനം കാഴ്ചവച്ചു.
ഗോൾരഹിതവും എന്നാൽ ആവേശകരവുമായ ആദ്യ പകുതിക്ക് ശേഷം, 49-ാം മിനിറ്റിൽ ക്യാപ്റ്റൻ ബൗലെം ഖൗഖി കൃത്യമായ ഒരു ഹെഡ്ഡറിലൂടെ ഗോൾ നേടി. രണ്ട് ഗോളുകളിലും നിർണായക പങ്കു വഹിച്ച അക്രം അഫീഫിന്റെ സെറ്റ് പീസ് മികച്ച രീതിയിൽ ഗോളാക്കി മാറ്റി 74-ാം മിനിറ്റിൽ പെഡ്രോ മിഗുവൽ ലീഡ് ഇരട്ടിയാക്കി.
71-ാം മിനിറ്റിൽ ബെഞ്ചിൽ നിന്ന് ഇറങ്ങിയ താരെക് സൽമാന് മഞ്ഞക്കാർഡ് ലഭിച്ചു. 89-ാം മിനിറ്റിൽ VAR റിവ്യൂവിനെ തുടർന്ന് അത് ചുവപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്തു, ഖത്തറിന് തിരിച്ചടിയായി.
മുന്നേറാൻ ഒരു സമനില മാത്രം മതിയായിരുന്ന യുഎഇ തിരിച്ചുവരവിനായി കഠിനമായി പരിശ്രമിച്ചു. സ്റ്റോപ്പേജ് സമയത്തിന്റെ എട്ടാം മിനിറ്റിൽ ഒരു ഗോളിലൂടെ സുൽത്താൻ ആദിൽ അവരുടെ പ്രതീക്ഷകൾ വീണ്ടും ജ്വലിപ്പിച്ചു, നാടകീയമായ 15 മിനിറ്റ് ഇൻജുറി സമയത്ത് ഫാബിയോ ലിമയുടെ അസിസ്റ്റിൽ നിന്ന് ഫിനിഷ് ചെയ്തു.
ബാക്കിയുള്ള മിനിറ്റുകളിൽ സമ്മർദ്ദത്തിനിടയിലും പ്രതിരോധം ശക്തമാക്കി യുഎഇയെ തളച്ച ഖത്തർ ചരിത്രവിജയം സ്വന്തമാക്കി.