ആരോഗ്യസേവനങ്ങൾ: പൗരന്മാർക്ക് ഹെൽത്ത് കാർഡ് വേണ്ട; താമസക്കാർക്ക് മാറ്റമില്ല

ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി), പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി), മറ്റ് ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ എന്നിവയിൽ ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിന് ഖത്തരി പൗരന്മാർക്ക് ഇന്ന് (വെള്ളിയാഴ്ച) മുതൽ ആരോഗ്യ കാർഡിന് പകരം ഖത്തരി ദേശീയ ഐഡി കാർഡ് സ്വീകരിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത് യാതൊരു ഫീസും കൂടാതെ നടപ്പിലാക്കും.
താമസക്കാർക്കുള്ള ആരോഗ്യ കാർഡുകൾ സാധുവായി തുടരുമെന്നും നിലവിലുള്ള നടപടിക്രമങ്ങൾക്കനുസൃതമായി ഉപയോഗിക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു.
ഭരണപരമായ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും സർക്കാർ ഇടപാടുകളിൽ ഉപയോഗിക്കുന്ന ഔദ്യോഗിക രേഖകൾ മാനദണ്ഡമാക്കുന്നതിനും രോഗികളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.
ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ അവരുടെ ദേശീയ ഐഡി കാർഡ് കൈവശം വയ്ക്കുന്നത് ഉറപ്പാക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം പൗരന്മാരോട് അഭ്യർത്ഥിക്കുന്നു.