അൽ വഖ്‌റ പാർക്കും ഡാൽ അൽ ഹമാം പാർക്കും തുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
അൽ വഖ്‌റ പാർക്ക് തുറക്കുന്നതിനും, അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഡാൽ അൽ ഹമാം പാർക്ക് വീണ്ടും തുറക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പബ്ലിക് പാർക്ക് ഡിപ്പാർട്ട്‌മെൻ്റിലെ ഇവൻ്റ് ആൻഡ് കമ്മ്യൂണിക്കേഷൻ ഓഫീസർ ഷെയ്ഖ് സഹീം ബിൻ അബ്ദുല്ല ബിൻ ഖാസിം അൽതാനി പറഞ്ഞു.
ഖത്തർ നാഷണൽ വിഷൻ 2030-ൻ്റെ ഭാഗമാണ് ഈ പദ്ധതികളെന്ന് പ്രാദേശിക പത്രത്തോട് സംസാരിക്കവെ അദ്ദേഹം വിശദീകരിച്ചു. താമസക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ പ്രദേശങ്ങളിൽ ഹരിത ഇടങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം. അടുത്തിടെ, അൽ തമീദ് പാർക്ക്, അൽ സുഡാൻ പാർക്ക്, റാസ് നസ പാർക്ക് എന്നിങ്ങനെ മൂന്ന് പുതിയ പാർക്കുകൾ തുറന്നു.
നടത്തം, സൈക്ലിംഗ് പാതകൾ, ഇവൻ്റുകൾക്കും ഫെസ്റ്റിവലുകൾക്കും ആതിഥേയത്വം വഹിക്കുന്നതിനുള്ള ഇടങ്ങൾ തുടങ്ങിയ പൊതു ആവശ്യങ്ങൾ പാർക്കുകൾ രൂപകൽപ്പന ചെയ്യുമ്പോൾ ശ്രദ്ധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാർക്കുകൾ സന്ദർശിക്കാൻ അദ്ദേഹം താമസക്കാരെ പ്രോത്സാഹിപ്പിക്കുകയും ഭംഗിയും സുസ്ഥിരതയും നിലനിർത്താൻ പാർക്കുകൾ വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരെയും ഓർമ്മിപ്പിക്കുകയും ചെയ്തു.
ഖത്തറിലെ പൊതു പാർക്കുകളുടെ പ്രധാന കൂട്ടിച്ചേർക്കലായി ഷെയ്ഖ് സഹീം റൗദത്ത് അൽ ഹമാമ പാർക്കിനെ എടുത്തുപറഞ്ഞു. 175,000 ചതുരശ്ര മീറ്റർ വിസ്‌തൃതിയുള്ള ഇത് രാജ്യത്തെ ഏറ്റവും വലിയ പാർക്കുകളിലൊന്നാണ്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ എയർകണ്ടീഷൻ ചെയ്‌ത ഔട്ട്‌ഡോർ വാക്കിംഗ് ട്രാക്കും മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പുഷ്‌പ ഘടികാരവും പാർക്കിലുണ്ട്.
ഖത്തറിലെ പൊതു പാർക്കുകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റൗദത്ത് അൽ ഹമാമ പാർക്കിലെ, ഏകദേശം 138,000 ചതുരശ്ര മീറ്റർ പ്രദേശത്തിൻ്റെ 80 ശതമാനവും 1,042 മരങ്ങൾ ഉൾപ്പെടുന്ന ഹരിത ഇടങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. 1,197 മീറ്റർ നീളമുള്ള എയർകണ്ടീഷൻ ചെയ്‌ത വാക്കിംഗ് ട്രാക്കും ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുന്ന പൂർണ്ണമായും ഓട്ടോമേറ്റഡ് ജലസേചന സംവിധാനവും പാർക്കിൻ്റെ ശ്രദ്ധേയമായ സവിശേഷതകളിൽ ഉൾപ്പെടുന്നു. അന്താരാഷ്ട്ര പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ഗ്ലോബൽ സസ്‌റ്റെയ്‌നബിലിറ്റി ഇവാല്യൂവേഷൻ സിസ്റ്റത്തിന് കീഴിൽ പാർക്കിന് ത്രീ-സ്റ്റാർ റേറ്റിംഗും ലഭിച്ചു.
നടത്തം, ഓട്ടം, സൈക്ലിംഗ് ട്രാക്കുകൾ, ഫിറ്റ്നസ് സോണുകൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ എന്നിങ്ങനെ എല്ലാ പ്രായക്കാർക്കും പ്രവർത്തനങ്ങളും സൗകര്യങ്ങളും ഈ പാർക്ക് നൽകുന്നു. ഒരു മസ്‌ജിദ്, വൃത്തിയുള്ള വിശ്രമമുറികൾ, പ്രത്യേക ആവശ്യങ്ങളുള്ള ആളുകൾക്ക് ആക്‌സസ് ചെയ്യാവുന്ന സൗകര്യങ്ങൾ എന്നിവയും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ, സന്ദർശകർക്ക് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന റീട്ടെയിൽ കിയോസ്‌കുകളും ഉണ്ട്.
സുസ്ഥിരതയിൽ മന്ത്രാലയം ശ്രദ്ധ കൊടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പാർക്കുകളും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും വിഭവങ്ങൾ സംരക്ഷിക്കുന്നതിനും ശുദ്ധീകരിച്ച വെള്ളത്തിൽ പ്രവർത്തിക്കുന്ന സ്‍മാർട്ട് ജലസേചന സംവിധാനങ്ങൾ ഉപയോഗിക്കുന്നു. പാർക്കുകളിൽ റീസൈക്ലിംഗ് ബിന്നുകളും ഉണ്ട്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp