Qatar

ഖത്തർ ലോകകപ്പ് മികച്ചതായിരുന്നു, പ്രതിഷേധം നടത്തിയതിൽ ഖേദമുണ്ടെന്ന് ജർമൻ നായകൻ ജോഷുവ കിമ്മിച്ച്

ഖത്തറിൽ വെച്ച് നടന്ന 2022 ലെ ഫിഫ ലോകകപ്പിൽ ജർമനി ഫുട്ബോൾ ടീം സ്വീകരിച്ച രാഷ്ട്രീയ നിലപാടിൽ ഖേദമുണ്ടെന്ന് ദേശീയ ടീമിന്റെ നായകനായ ക്യാപ്റ്റൻ ജോഷ്വ കിമ്മിച്ച് പറഞ്ഞു.

ഖത്തറിൽ വെച്ച് നടന്ന ലോകകപ്പിൽ LGBTQ+ കമ്മ്യൂണിറ്റിയെ പിന്തുണക്കുന്ന തരത്തിലുള്ള ആംബാൻഡ് ധരിക്കാൻ പാടില്ലെന്ന ഫിഫയുടെ നിലപാടിൽ പ്രതിഷേധിച്ച് ജപ്പാനെതിരായ മത്സരത്തിന് മുൻപ് ജർമൻ ടീം അംഗങ്ങൾ ടീം ഫോട്ടോയിൽ വായ മൂടി പോസ് ചെയ്‌തിരുന്നു. ജർമ്മനിക്കൊപ്പം മറ്റ് ആറ് യൂറോപ്യൻ ടീമുകളും ‘വൺ ലവ്’ എന്ന ആംബാൻഡ് ധരിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും അച്ചടക്ക നടപടിയുണ്ടാകും എന്നതിനെത്തുടർന്ന് പിൻവാങ്ങി.

“പൊതുവേ, ഞങ്ങളുടെ കളിക്കാർ പ്രത്യേക മൂല്യങ്ങൾക്കായി നിലകൊള്ളണം, ദേശീയ ടീമിൻ്റെ ക്യാപ്റ്റനെന്ന നിലയിൽ പ്രത്യേകിച്ചും. എന്നാൽ എല്ലായ്‌പ്പോഴും രാഷ്ട്രീയമായി പ്രകടിപ്പിക്കുക എന്നത് ഞങ്ങളുടെ ജോലിയല്ല.” ബോസ്‌നിയ ആൻഡ് ഹെർസഗോവിനയ്‌ക്കെതിരായ ജർമ്മനിയുടെ യുവേഫ നേഷൻസ് മത്സരത്തിന് മുമ്പ് ഒരു വാർത്താ സമ്മേളനത്തിൽ കിമ്മിച്ച് പറഞ്ഞു.

“ഖത്തറിലുണ്ടായ പ്രശ്‌നം നോക്കൂ. ഒരു ടീമെന്ന നിലയിലും രാജ്യമെന്ന നിലയിലും മൊത്തത്തിൽ ഒരു നല്ല ചിത്രം ഞങ്ങൾക്കവിടെ നൽകാനായില്ല. ഞങ്ങൾ രാഷ്ട്രീയ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത് ടൂർണമെൻ്റിൻ്റെ മൊത്തം സന്തോഷത്തെ ബാധിക്കുന്നതായിരുന്നു. സംഘാടനത്തിന്റെ കാര്യത്തിൽ മികച്ചൊരു ലോകകപ്പായിരുന്നു ഖത്തറിൽ നടന്നത്.” കിമ്മിച്ച് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button