ഖത്തറിലെ ടൂറിസം 147 ശതമാനത്തിലധികം വളർച്ച കൈവരിച്ചുവെന്ന് യുഎൻ ഒഫീഷ്യൽ
ആഗോള നിക്ഷേപങ്ങളും ആധുനിക അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിച്ച് ഖത്തറിലെ വിനോദ വ്യവസായം ഗണ്യമായി വളരുകയാണ്. അൽബേനിയ, എൽ സാൽവഡോർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളി ഖത്തറിലെ ടൂറിസം 147 ശതമാനത്തിലധികം വളർച്ച കൈവരിച്ചതായി ഒരു യുഎൻ ഒഫീഷ്യൽ പറഞ്ഞു.
ഖത്തറിലെ ഒരു മാധ്യമത്തോട് സംസാരിക്കുമ്പോൾ യുണൈറ്റഡ് നേഷൻസ് ടൂറിസം ഓർഗനൈസേഷൻ്റെ എക്സിക്യൂട്ടീവ് ഡയറക്റ്ററായ നതാലിയ ബയോണ, ഈ വളർച്ച വളരെ ആകർഷണീയമാണെന്ന് പറയുകയും വളർന്നു വരുന്ന ടൂറിസം ഡെസ്റ്റിനേഷൻ എന്ന നിലയിൽ ഖത്തറിൻ്റെ പങ്കിനെ പ്രശംസിക്കുകയും ചെയ്‌തു.
2022 ഫിഫ വേൾഡ് കപ്പ്, ഖത്തർ വെബ് ഉച്ചകോടി, അടുത്തിടെ നടന്ന യുഎൻ കോൺഫറൻസ് ഓൺ ലീസ്റ്റ് ഡെവലപ്പ്ഡ് കൺട്രീസ് തുടങ്ങിയ പരിപാടികൾ ഉയർത്തിക്കാട്ടി വിനോദസഞ്ചാരമേഖലയിലെ പൊതു-സ്വകാര്യ നിക്ഷേപങ്ങളുടെ പ്രാധാന്യം ബയോണ വെളിപ്പെടുത്തുകയുണ്ടായി.
ഖത്തർ ടൂറിസം അവാർഡ് 2024-ൽ പങ്കെടുക്കവെ, യുഎഇ, തായ്‌ലൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ടൂറിസം മേഖലയിലേക്ക് ഖത്തർ 1 ബില്യൺ ഡോളറിലധികം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്‌ഡിഐ) ആകർഷിച്ചതായി ബയോണ അഭിപ്രായപ്പെട്ടു.
സുസ്ഥിര ടൂറിസത്തിൻ്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ച അവർ വിനോദസഞ്ചാരം ഒരു നിർണായക ആഗോള സാമ്പത്തിക മേഖലയാണെന്ന് വിശദീകരിച്ചു. മേഖലയിലേക്ക് സുസ്ഥിര സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിക്ഷേപങ്ങൾ സൃഷ്ടിക്കുന്നതിന് യുഎൻ ടൂറിസം അന്താരാഷ്ട്ര നേതാക്കളുമായും സർക്കാരുകളുമായും സഹകരിക്കുന്നു.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സ്റ്റാർട്ടപ്പുകൾ, ഇന്നൊവേഷൻ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള 2024-ലെ പദ്ധതികളെക്കുറിച്ച് ബയോണ പരാമർശിച്ചു. സുസ്ഥിര വിനോദസഞ്ചാര മേഖല കെട്ടിപ്പടുക്കാൻ സഹായിക്കുന്നതിന് നിരവധി വിദ്യാഭ്യാസ പദ്ധതികളിൽ യുഎൻ ടൂറിസം ഖത്തർ ഫൗണ്ടേഷനുമായി സഹകരിച്ചുവെന്നും അവർ ചൂണ്ടിക്കാട്ടി.