ഇ-ഗവൺമെൻ്റ് ഡെവലപ്മെൻ്റ് ഇൻഡക്സിൽ ഏറ്റവും പുരോഗതിയുള്ള രാജ്യങ്ങളിൽ ഖത്തർ അഞ്ചാം സ്ഥാനത്ത്
2024 ലെ ഐക്യരാഷ്ട്രസഭയുടെ ഇ-ഗവൺമെൻ്റ് ഡെവലപ്മെൻ്റ് ഇൻഡക്സിൽ (EGDI) ഖത്തർ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു, 193 രാജ്യങ്ങളിൽ 78ആം സ്ഥാനത്തുണ്ടായിരുന്ന ഖത്തർ ഇപ്പോൾ 53ആം സ്ഥാനത്താണ്. യുണൈറ്റഡ് നേഷൻസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇക്കണോമിക് ആൻ്റ് സോഷ്യൽ അഫയേഴ്സ് ഓരോ രണ്ട് വർഷത്തിലും പുറത്തിറക്കുന്ന EGDI, വ്യക്തികളെയും ബിസിനസ്സുകളെയും സഹായിക്കുന്നതിന് ഗവൺമെൻ്റുകൾ എത്ര ഫലപ്രദമായി ഓൺലൈൻ സേവനങ്ങൾ നൽകുന്നു എന്ന് വിലയിരുത്തുന്നു. ഡിജിറ്റൽ സേവനങ്ങൾ വർധിപ്പിക്കാനുള്ള ഖത്തറിൻ്റെ പ്രതിബദ്ധതയാണ് ഈ സുപ്രധാന കുതിപ്പ് ഉയർത്തിക്കാട്ടുന്നത്.
ഏറ്റവും പുതിയ റിപ്പോർട്ടിൽ, പുരോഗതിയുടെ കാര്യത്തിൽ ഖത്തർ ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്തെത്തി, 25 സ്ഥാനങ്ങൾ കയറിയാണ് ഈ നേട്ടം. കൂടാതെ ടെലികമ്മ്യൂണിക്കേഷൻസ് ഇൻഫ്രാസ്ട്രക്ച്ചർ ഇൻഡക്സിൽ (TII) 37 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തുമെത്തി. ഇൻ്റർനെറ്റ് ആക്സസ്, കണക്റ്റിവിറ്റി എന്നിവയെ പിന്തുണയ്ക്കുന്നതിൽ ഒരു രാജ്യത്തിൻ്റെ ആശയവിനിമയ ശൃംഖലകളുടെ ഫലപ്രാപ്തിയാണ് ഈ സൂചിക അളക്കുന്നത്. മെച്ചപ്പെട്ട ഓൺലൈൻ സേവനങ്ങൾ നൽകുന്നതിലും സാങ്കേതിക സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലും ഖത്തറിൻ്റെ ശ്രദ്ധയാണ് ഈ മുന്നേറ്റങ്ങൾ തെളിയിക്കുന്നത്.
കൂടാതെ, ഓൺലൈൻ സർവീസ് ഇൻഡക്സിൽ (ഒഎസ്ഐ) 27 സ്ഥാനങ്ങൾ ഉയർന്ന് 58ആം സ്ഥാനത്തേക്ക് ഖത്തർ മുന്നേറി. ഇ-പേയ്മെൻ്റുൾ ഉൾപ്പെടെയുള്ള ഓൺലൈൻ സർക്കാർ സേവനങ്ങളുടെ ഗുണനിലവാരവും ലഭ്യതയും ഈ സൂചിക വിലയിരുത്തുന്നു.