ഗ്യാസ് എക്‌സ്‌പോർട്ടിംഗ് കൺട്രീസ് ഫോറത്തിൽ LNG കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഖത്തർ മുൻനിരയിൽ തന്നെ
ഗ്യാസ് എക്‌സ്‌പോർട്ടിംഗ് കൺട്രീസ് ഫോറത്തിൽ (GECF) ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (LNG) കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഖത്തർ മുൻനിരയിൽ തന്നെ തുടരുന്നു. കൂടാതെ 2024 ജൂലൈ വരെയുള്ള കണക്കനുസരിച്ച് ആഗോള എൽഎൻജി കയറ്റുമതിയിലെ മൂന്ന് മുൻനിര രാജ്യങ്ങളിൽ ഒന്നുമാണ് ഖത്തർ. യുഎസും ഓസ്‌ട്രേലിയയുമാണ് മറ്റ് മുൻനിര കയറ്റുമതിക്കാർ.
ജൂലൈയിൽ ആഗോള എൽഎൻജി കയറ്റുമതി മുൻവർഷത്തേക്കാൾ 1.1% വർധിച്ച് 33.36 ദശലക്ഷം ടണ്ണായി. 2024 ജനുവരി മുതൽ ജൂലൈ വരെ, ആഗോള എൽഎൻജി കയറ്റുമതി 239.41 ദശലക്ഷം ടണ്ണും ആയിട്ടുണ്ട്, ഇതും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.1% വർധിച്ചു. 2024 ജൂലൈയിൽ, ആഗോള എൽഎൻജി ഇറക്കുമതി 1.8% വർധിച്ച് 32.7 ദശലക്ഷം ടണ്ണിലെത്തി, രണ്ട് മാസത്തെ ഇടിവിനു ശേഷമാണ് ഈ മാറ്റമുണ്ടായത്.
ഏഷ്യാ പസഫിക്, മെന മേഖലകളിലെ ഉയർന്ന ഇറക്കുമതിയാണ് ഈ വളർച്ചയ്ക്ക് കാരണമായത്, യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും ഇറക്കുമതി കുറഞ്ഞു. ഫ്രീപോർട്ട് എൽഎൻജി കേന്ദ്രത്തിലെ പ്രവർത്തനങ്ങളെ ബാധിച്ച ബെറിൽ ചുഴലിക്കാറ്റ് കാരണം ജൂലൈയിൽ യുഎസിന്റെ എൽഎൻജി കയറ്റുമതി കുറഞ്ഞു. നാല് മാസത്തെ വർധനവിന് ശേഷം ഗ്യാസിൻ്റെയും എൽഎൻജിയുടെയും വില കുറയുകയും ചെയ്‌തിട്ടുണ്ട്.