WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

2024ൽ ഖത്തറിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വലിയ കുതിപ്പ്, സന്ദർശകരുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്

2023ന്റെ ആദ്യപകുതിയെ അപേക്ഷിച്ച് 2024ന്റെ ആദ്യ പകുതിയിൽ ഖത്തറിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വലിയ കുതിപ്പ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരുപത്തിയെട്ടു ശതമാനം വർദ്ധനവാണ് സന്ദർശകരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. സൗദി അറേബ്യയിൽ നിന്നുള്ള സന്ദർശകരാണ് ഖത്തറിലേക്ക് കൂടുതൽ എത്തിയതെന്ന് ഖത്തർ ടൂറിസം പുറത്തുവിട്ട വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നു.

ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടന്ന എഎഫ്‌സി ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റാണ് ഖത്തറിലേക്കുള്ള സന്ദർശകരുടെ എണ്ണം വർധിക്കാനുള്ള പ്രധാന കാരണം. 2,639,000 സന്ദർശകരാണ് ഈ വർഷം ജൂൺ വിവിധ രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്കെത്തിയത്. ഇതിൽ 29 ശതമാനവും (755,000 സന്ദർശകർ) സൗദി അറേബ്യയിൽ നിന്നുമാണ്.

സന്ദർശകരുടെ എണ്ണത്തിൽ ഇന്ത്യയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നത്. ആകെ എത്തിയ സന്ദർശകരിൽ എട്ടു ശതമാനമാണ് ഇന്ത്യയിൽ നിന്നുമുള്ളത്. ബഹ്‌റൈൻ അഞ്ചു ശതമാനം സന്ദർശകരെ സംഭാവന ചെയ്‌ത്‌ മൂന്നാം സ്ഥാനത്തു നിൽക്കുമ്പോൾ യുകെ, കുവൈറ്റ്, ഒമാൻ, ജർമനി എന്നിവിടങ്ങളിൽ നിന്നും 4 ശതമാനം സന്ദർശകരും യുഎസ്എ, യുഎഇ എന്നിവിടങ്ങളിൽ നിന്നും 3 ശതമാനം സന്ദർശകരും ഇറ്റലിയിൽ നിന്നും 2 ശതമാനം സന്ദർശകരുമാണുള്ളത്.

ഖത്തറിലെ റൂം നൈറ്റ് ഡിമാൻഡ് ഈ വർഷത്തിന്റെ ആദ്യപകുതിയിൽ 4.9 ദശലക്ഷമെന്ന റെക്കോർഡ് കണക്കിലെത്തിയിട്ടുണ്ട്. 2019ലെ 3.1 മില്യനെന്ന കണക്കുകളെ അപേക്ഷിച്ച് 56 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന വലിയ ഇവന്റുകൾക്ക് ആതിഥേയത്വം വഹിച്ചത് ഖത്തറിലെ ടൂറിസം വ്യവസായത്തെ പരിപോഷിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ഫിഫ ലോകകപ്പ്, ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോ, ഫോർമുല 1, വെബ് സമ്മിറ്റ്, ഖത്തർ ഇക്കണോമിക് ഫോറം, എഎഫ്‌സി ഏഷ്യൻ കപ്പ് എന്നിങ്ങനെ നിരവധി ഇവന്റുകൾ ഖത്തറിൽ നടന്നിരുന്നു. ഇത് രാജ്യത്തേക്ക് സന്ദർശകരെ ആകർഷിക്കാൻ സഹായിച്ചിട്ടുണ്ട്. അതിൽ തന്നെ ഫിഫ ലോകകപ്പിന്റെ സംഘാടനം ലോകത്തിന്റെ മുഴുവൻ പ്രശംസയും പിടിച്ചു പറ്റിയിരുന്നു.

അടുത്തിടെ പുറത്തു വന്ന റിപ്പോർട്ട് പ്രകാരം ഖത്തറിലെ ട്രാവൽ ആൻഡ് ടൂറിസം സെക്റ്റർ 90.8 ബില്യൺ ഖത്തർ റിയാൽ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 11.3 ശതമാനമാണ്. ഇതിലൂടെ രാജ്യത്തുടനീളം 334,500 തൊഴിലുകൾ സൃഷ്‌ടിക്കപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button