ഖത്തറിൽ അറസ്റ്റിലായ 8 മുൻ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച ശേഷം, ഇവരെ കാണാൻ ഇതാദ്യമായി ഖത്തറിലെ ഇന്ത്യൻ അംബാസിഡറെ അനുവദിച്ചതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിസംബർ 3 നാണ് കൂടിക്കാഴ്ച നടന്നത്.
കഴിഞ്ഞ വാരം നടന്ന ദുബായ് COP28 സെഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും നേരിൽക്കണ്ടതിന് ശേഷമാണ് അംബാസിഡറുടെ കൂടിക്കാഴ്ച അനുമതി എന്നത് ശ്രദ്ധേയമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും ഖത്തറിലെ ഇന്ത്യക്കാരുടെ ക്ഷേമവുമാണ് മോഡി-അമീർ സംഭാഷണത്തിൽ ചർച്ചയായത്.
നവംബർ 7 ന് തന്നെ കുറ്റവാളികളുമായി കാണാൻ ഇന്ത്യക്ക് ഒരു റൗണ്ട് കോൺസുലാർ പ്രവേശനം അനുവദിച്ചിരുന്നു. എന്നാൽ ഇന്ത്യൻ അംബാസഡർ വിപുലിന് അവരെ കാണാൻ അവസരം ലഭിക്കുന്നത് ഇതാദ്യമാണ്.
“ഞങ്ങൾ വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുകയും എല്ലാ നിയമപരവും കോൺസുലർ സഹായവും നൽകുകയും ചെയ്യുന്നു… ഡിസംബർ 3 ന് ജയിലിൽ കഴിയുന്ന എട്ട് പേരെയും കാണാൻ ഞങ്ങളുടെ അംബാസഡർക്ക് കോൺസുലർ പ്രവേശനം ലഭിച്ചു,” വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച പറഞ്ഞു.
ചാരവൃത്തി ആരോപിച്ച് എട്ട് പേർക്ക് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യൻ സർക്കാർ ഒക്ടോബർ 26-ന് ഖത്തർ കോടതി അപ്പീൽ നൽകിയിരുന്നു. അപ്പീലിൽ രണ്ട് ഹിയറിംഗുകൾ നടന്നിട്ടുണ്ടെന്നും മറ്റൊരു ഹിയറിംഗ് ഉടൻ പ്രതീക്ഷിക്കുമെന്നും ബാഗ്ചി പറഞ്ഞു
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv