WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ലോകത്തെ വാക്സിനേറ്റ് ചെയ്യാൻ ഖത്തർ നൽകിയത് 20 ദശലക്ഷം ഡോളർ, പിന്തുണ തുടരുമെന്ന് രാജ്യം

ദോഹ: COVID-19 വാക്‌സിനേഷൻ പ്രക്രിയ ആഗോളവ്യാപകമായി  ത്വരിതപ്പെടുത്തുന്നതിനുള്ള ‘കോവാക്സ്’ പദ്ധതിക്ക് ഖത്തറിന്റെ പൂർണപിന്തുണ ആവർത്തിച്ച് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനൻ മുഹമ്മദ് അൽ കുവൈരി. ആഗോളതലത്തിൽ കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾക്കായി ഖത്തർ നൽകിയ വിവിധങ്ങളായ സഹായ നടപടികളും അവർ വിശദമാക്കി. ‘വൺ പ്രൊട്ടക്റ്റഡ് വേൾഡ്’ എന്ന വിഷയത്തിൽ ജപ്പാനും ഗ്ലോബൽ അലയൻസ് ഫോർ വാക്സിനേഷൻ ആന്റ് ഇമ്യൂണൈസേഷനും (GAVI) സംയുകതമായി സംഘടിപ്പിച്ച ‘ഗാവി-കോവാക്സ് ഉച്ചകോടി’യിൽ ഖത്തറിനെ പ്രതിനിധീകരിച്ച് വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിക്കുകയായിരുന്നു അവർ. 

കോവിഡ് -19 വാക്സിനേഷൻ പ്രോഗ്രാമിന് ആവശ്യമായ ധനലഭ്യത ഉറപ്പാക്കുന്നതിനും ദരിദ്ര്യ രാജ്യങ്ങൾക്ക് ഫലപ്രദമായ് വാക്സിനുകൾ ലഭ്യമാക്കുന്നതിനുമുള്ള ആഗോള സഹകരണം ലക്ഷ്യമിടുന്നതാണ് ഉച്ചകോടി. സമഗ്രവും നീതിപൂർവകവും സമയബന്ധിതവുമായി എല്ലാ രാജ്യങ്ങൾക്കും വാക്സിനുകൾ ഉറപ്പുവരുത്തുന്നതിനുള്ള രാഷ്ട്രീയനയത്തോട് തങ്ങൾ ചേർന്നുനിൽക്കുന്നതായി ഉച്ചകോടിയെ അഭിസംബോധന ചെയ്ത് ഡോ. അൽ കുവൈരി പറഞ്ഞു.

 “കോവിഡ് -19 പാൻഡെമിക്കിന്റെ തുടക്കം മുതൽ, കഴിഞ്ഞ വർഷം 80 ഓളം രാജ്യങ്ങൾക്ക് ഖത്തർ സഹായം നൽകി. 2020 ജൂണിൽ ലണ്ടനിൽ നടന്ന ആഗോള വാക്സിൻ ഉച്ചകോടിയിൽ, അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി, ‘ഗാവി’ക്ക് ഖത്തറിന്റെ 20 മില്യൺ ഡോളർ സംഭാവന പ്രഖ്യാപിച്ചു. 

അതിന് പുറമെ ദുർബല രാജ്യങ്ങൾക്ക് കോവിഡ് -19  പ്രതിരോധ പ്രവർത്തനങ്ങൾ സജ്ജീകരിക്കാനുള്ള ലോകകാരോഗ്യസംഘടനയുടെ പതിമൂന്നാമത് ‘ജനറൽ പ്രോഗ്രാം ഓഫ് വർക്ക് (ജിപിഡബ്ല്യു 13)’ നായി ഖത്തർ 10 മില്യൺ ഡോളർ സംഭാവന നൽകി. ഇത് ലോകാരോഗ്യസംഘടനയ്ക്ക് ഏറ്റവുമധികം സംഭാവന ചെയ്ത നാല് രാജ്യങ്ങളിൽ ഒന്നായി ഖത്തറിനെ മാറ്റി,” അൽ കുവൈരി വിശദീകരിച്ചു .

ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ഖത്തർ റെഡ് ക്രസന്റിന്റെ നേതൃത്വത്തിൽ, അഭയാർഥികൾക്കും കുടിയൊഴിപ്പിക്കപ്പെട്ടവർക്കും ലോകമെമ്പാടുമുള്ള കുടിയേറ്റക്കാർക്കും വാക്സിനുകൾ നൽകുന്നതിന് ചാരിറ്റി സംവിധാനം ആരംഭിച്ചതായും കുവൈരി വ്യക്തമാക്കി. 2021 ഏപ്രിലിൽ ആരംഭിച്ച ഈ സംരംഭം മൂന്ന് വർഷത്തേക്ക് പ്രവർത്തിക്കും. 

ആഗോളവ്യാപകമായി കോവിഡ് തീവ്രബാധിത പ്രദേശങ്ങളിലേക്ക് വാക്സിനുകളും മറ്റ് സഹായവസ്തുക്കളും എത്തിക്കുന്നതിൽ ഖത്തർ എയർവേയ്‌സ് വഹിക്കുന്ന പങ്കും ഡോ. അൽ കുവൈരി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ, ഖത്തർ എയർവേസ് കാർഗോ 2021 ഏപ്രിൽ ആദ്യം മുതൽ, 27 ദശലക്ഷം കോവിഡ് -19 വാക്സിനുകൾ വിതരണം ചെയ്തു, യുണിസെഫിന്റെ ‘ഹ്യൂമാനിറ്റേറിയൻ എയർഫ്രൈറ്റ് ഓർഗനൈസേഷ’നെ പിന്തുണയ്ക്കുന്നതിനുള്ള അഞ്ചുവർഷത്തെ ധാരണാപത്രത്തിന്റെ ഭാഗമായി യുണിസെഫിനുള്ള വാക്സിനുകളും ഇതിൽ ഉൾപ്പെടും.

“ഈ മഹാമാരി അവസാനിപ്പിക്കാൻ അന്താരാഷ്ട്ര ഐക്യദാർഢ്യവും പങ്കിട്ട ഉത്തരവാദിത്തവും ആവശ്യമാണ്. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾ ഉൾപ്പെടെ എല്ലാ രാജ്യങ്ങൾക്കും COVID-19 വാക്സിനുകൾക്ക് തുല്യമായ ലഭ്യത ഉറപ്പാക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങൾക്ക് ഖത്തറിന്റെ പൂർണ പിന്തുണ. ആരെയും പിന്നിലാക്കാതെ ഒരു സുരക്ഷിതലോകത്തിനായി നമുക്ക് ഒത്തുചേരാം,” അൽ കുവൈരിയുടെ വാക്കുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button