മസ്ജിദിന് മുന്നിൽ ഖുർആൻ കത്തിച്ചു; വെറുപ്പുളവാക്കുന്ന ഇരട്ടത്താപ്പെന്ന് ഖത്തർ
ഡെന്മാർക്കിൽ വിശുദ്ധ ഖുർആനിന്റെ കോപ്പികൾ കത്തിക്കാൻ അനുമതി നൽകിയ ഡാനിഷ് അധികൃതരുടെ നടപടിയെ ഖത്തർ അപലപിച്ചു. തീവ്രവലതുപക്ഷ രാഷ്ട്രീയക്കാരനായ റാസ്മസ് പലുദാൻ ആണ് കോപ്പൻഹേഗനിലെ ഒരു പള്ളിക്ക് മുന്നിൽ ഖുർആനിന്റെ കോപ്പി കത്തിച്ചത്.
കോപ്പൻഹേഗനിലെ ഡോർത്തേവേജ് ജില്ലയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ഇസ്‌ലാമിക് സൊസൈറ്റിയുടെ കീഴിലുള്ള മസ്ജിദിന് മുന്നിലാണ് ഇയാൾ ഖുർആൻ കത്തിച്ചത്. തലയിൽ ഹെൽമെറ്റ് ധരിച്ച ഇയാൾക്ക് പോലീസ് സംരക്ഷണവും ഉണ്ടായിരുന്നു. ഇയാൾ തന്നെ കഴിഞ്ഞ ശനിയാഴ്ച സ്റ്റോക്ക്ഹോമിലെ തുർക്കി എംബസിക്ക് പുറത്ത് പോലീസ് സംരക്ഷണത്തിലും അധികാരികളുടെ അനുമതിയോടെയും ഖുർആൻ കത്തിച്ചിരുന്നു.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ വിശുദ്ധ ഖുർആനിനെതിരായ ആവർത്തിച്ചുള്ള വിദ്വേഷ പ്രകടനം വിരോധവും അക്രമവും വളർത്തുകയും സമാധാനപരമായ സഹവർത്തിത്വത്തിന്റെ മൂല്യങ്ങൾക്ക് ഭീഷണിയാകുകയും വെറുപ്പുളവാക്കുന്ന ഇരട്ടത്താപ്പ് വെളിവാക്കുകയും ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
വിശ്വാസം, വംശം, മതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള എല്ലാത്തരം വിദ്വേഷ പ്രസംഗങ്ങളും രാഷ്ട്രീയ തർക്കങ്ങളിലേക്ക് വിശുദ്ധ വസ്തുക്കളെ വലിച്ചിഴക്കുന്നതും ഖത്തർ പൂർണമായി നിരസിക്കുന്നതായും വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.
ലോകമെമ്പാടുമുള്ള മുസ്‌ലിംകളെ ലക്ഷ്യമിടാനുള്ള ആസൂത്രിതമായ ആഹ്വാനങ്ങൾക്കൊപ്പം, ഇസ്ലാമിനെതിരായ വിദ്വേഷ പ്രചാരണങ്ങളും ഇസ്‌ലാമോഫോബിക് വ്യവഹാരങ്ങളും അപകടകരമാംവിധം വർദ്ധിച്ചിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ, മതാന്ധത, വിവേചനം, അക്രമം എന്നിവ നിരസിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് മന്ത്രാലയം ആഹ്വാനം ചെയ്തു.
സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾക്കുള്ള ഖത്തറിന്റെ പൂർണ പിന്തുണയും സംഭാഷണത്തിലൂടെയും ധാരണയിലൂടെയും അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും തത്വങ്ങൾ സ്ഥാപിക്കേണ്ട ആവശ്യവും മന്ത്രാലയം ആവർത്തിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB