ക്വാലാലംപൂർ: പടിഞ്ഞാറൻ മേഖലയിൽ നടക്കുന്ന AFC ചാമ്പ്യൻസ് ലീഗ് 2022 റൗണ്ട് 16, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ കേന്ദ്രീകൃത മത്സരങ്ങൾക്ക് ഖത്തർ വേദിയാവുമെന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (AFC) സ്ഥിരീകരിച്ചു.
അവസാന 16 ജോഡികളിൽ പശ്ചിമേഷ്യൻ പകുതിയിൽ നിലവിലെ ചാമ്പ്യൻമാരായ സൗദി അറേബ്യയുടെ അൽ ഹിലാൽ യുഎഇയിൽ നിന്നുള്ള ഷബാബ് അൽ അഹ്‌ലി ദുബൈയെയും മറ്റൊരു സൗദി ടീമായ അൽ ഷബാബ് ഉസ്‌ബെക്കിസ്ഥാനിൽ നിന്നുള്ള എഫ്‌സി നസാഫിനെയും നേരിടും.
ഖത്തറിന്റെ അൽ ദുഹൈൽ ഖത്തർ ലീഗിലെ സഹ എതിരാളികളായ അൽ റയ്യാനുമായി ഏറ്റുമുട്ടുമ്പോൾ സൗദി അറേബ്യയിൽ നിന്നുള്ള അൽ ഫൈസാലി ഇറാനിൽ നിന്നുള്ള ഫൂലാദ് ഖൗസെസ്ഥാനുമായി കൊമ്പ് കോർക്കും.
ഫെബ്രുവരി 19, 20 തീയതികളിൽ റൗണ്ട് ഓഫ് 16 (വെസ്റ്റ്) നടക്കുമെന്ന് നേരത്തെ AFC സ്ഥിരീകരിച്ചിരുന്നു. ഫെബ്രുവരി 23 ന് ക്വാർട്ടർ ഫൈനലും 26 ന് സെമി ഫൈനലും നടക്കും.
ഫൈനലിന്റെ ആദ്യ പാദം 2023 ഏപ്രിൽ 29 ന് വെസ്റ്റ് റീജിയണിൽ നിന്നുള്ള ഫൈനലിസ്റ്റിന്റെ വേദിയിൽ നടക്കും. ഫൈനലിന്റെ രണ്ടാം പാദം 2023 മെയ് 6 ന് ജപ്പാനിലെ സൈതാമയിൽ നടക്കും. കിഴക്കൻ മേഖലയിൽ നിന്നുള്ള ഫൈനലിസ്റ്റ് ഉറവ റെഡ് ഡയമണ്ട്സിന്റെ വേദിയാണിത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB