എട്ടാമത് ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഫാൽക്കൺ എക്‌സിബിഷൻ സെപ്‌തംബർ 10 മുതൽ കത്താരയിൽ
എട്ടാമത് ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഫാൽക്കൺ എക്‌സിബിഷൻ (S’hail 2024) സെപ്‌തംബർ 10 മുതൽ 14 വരെ നടക്കുമെന്ന് കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ (കത്താര) അറിയിച്ചു. പോളണ്ട്, റഷ്യ, ഓസ്ട്രിയ , പോർച്ചുഗൽ എന്നിവയുൾപ്പെടെ 21 രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തം എക്‌സിബിഷനിലുണ്ടാകും.
വേട്ടയാടാനുള്ള ആയുധങ്ങൾ, ഫാൽക്കൺറി, ക്യാമ്പിംഗ് സപ്ലൈസ്, മരുഭൂമിയിലെ യാത്രകൾക്കും വേട്ടയാടലിനും വേണ്ടിയുള്ള കാറുകൾ എന്നിവയിൽ വൈദഗ്ധ്യമുള്ള 300ലധികം കമ്പനികളെ ഹണ്ടിങ് ആൻഡ് ഫാൽക്കൺ എക്‌സിബിഷനിൽ അവതരിപ്പിക്കും. ഖത്തറിലെ മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും S’hail 2024 ൽ പങ്കാളികളാകും.
വേട്ടയാടാനുള്ള ആയുധങ്ങളുടെ ലൈസൻസിന് അപേക്ഷിക്കുന്നത് ഓഗസ്റ്റ് 10 മുതൽ 19 വരെ Metrash2 ആപ്പ് വഴി ആരംഭിക്കുമെന്ന് എക്‌സിബിഷൻ്റെ സംഘാടക സമിതി വിശദീകരിച്ചു. ആദ്യമായി, ബ്രാൻഡ് ഉടമകൾക്ക് അവരുടെ സൃഷ്‌ടികൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്താൻ S’hail 2024 അവസരം നൽകുന്നുണ്ട്.
ഹണ്ടിങ് ആൻഡ് ഫാൽക്കൺ എക്‌സിബിഷൻ ഈ മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പ്രദർശനമാണ്. കൂടാതെ ഫാൽക്കൺറി സംസ്‌കാരം സജീവമായി നിലനിർത്തുന്നതിൽ ഒരു പ്രധാന പരിപാടിയായി അന്താരാഷ്ട്ര തലത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
അറിവും വൈദഗ്ധ്യവും കൈമാറ്റം ചെയ്യുന്നതിനും പ്രാദേശിക, അന്തർദേശീയ കമ്പനികൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള വേദി കൂടിയാണിത്. ലോകോത്തര പ്രദർശനങ്ങൾ, ഇവൻ്റുകൾ, ബോധവൽക്കരണ പരിപാടികൾ എന്നിവയിലൂടെ ഖത്തറിൻ്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ സംരക്ഷിക്കാനും അവബോധം സൃഷ്ടിക്കാനും ഇത് ലക്ഷ്യമിടുന്നു.