ദോഹ: ഖത്തറിൽ അതിവേഗ വാക്സിനേഷൻ പ്രക്രിയ അതിന്റെ അവസാനഘട്ടത്തിലേക്ക് അടുക്കുന്നു. 40 വയസ്സിന് മുകളിൽ പ്രായമുള്ള 85% ൽ കൂടുതൽ ജനങ്ങളും വാക്സീൻ രണ്ട് ഡോസും പൂർത്തിയാക്കിയതായാണ് പുതിയ റിപ്പോർട്ട്. ഇതിൽ തന്നെ, 95.3% ജനങ്ങൾ ഒരു ഡോസ് വാക്സീൻ എങ്കിലും സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഡോസ് സ്വീകരിച്ച് രണ്ടാഴ്ച്ച പിന്നിട്ടവരെ മാത്രമാണ് ഖത്തർ ആരോഗ്യവകുപ്പ് മുഴുവൻ ഡോസ് വാക്സീൻ സ്വീകരിച്ചവരായി കണക്കാക്കുന്നത്.
16 വയസ്സിന് മുകളിൽ ഉള്ളവരിൽ 66% രണ്ട് ഡോസും 78.4% ജനങ്ങൾ ഒരു ഡോസും സ്വീകരിച്ചു കഴിഞ്ഞു. 60 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ ആകട്ടെ, 93.5% ജനങ്ങൾ മുഴുവൻ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ഈ വിഭാഗത്തിൽ ഒരു ഡോസ് എങ്കിലും സ്വീകരിച്ചത് 98.6% ആണ്.
ഇത് വരെയുള്ള കണക്കനുസരിച്ച്, ഡിസംബർ മുതൽ 3,503,040 ഡോസ് വാക്സീനുകൾ ഖത്തറിൽ നൽകിയിട്ടുണ്ട്. 1,906,753 ജനങ്ങൾ ഒരു ഡോസും 1,596,287 ജനങ്ങൾ രണ്ട് ഡോസും വാക്സീൻ സ്വീകരിച്ചു. 5486 ഡോസ് വാക്സീനാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഖത്തറിൽ നൽകിയത്.
ജനസംഖ്യാനുപാതികമായി കോവിഡ് വാക്സിനേഷൻ പൂർത്തീകരണത്തിൽ ഖത്തർ ഇതിനോടകം ലോകത്തെ മികച്ച 10 രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സ്വദേശി, വിദേശി പരിഗണനകൾ ഇല്ലാതെ തികച്ചും സൗജന്യമായാണ് ഖത്തർ വാക്സിനേഷൻ പദ്ധതി നടപ്പിലാക്കുന്നത്.