ദോഹ: പേൾ-ഖത്തറിലെ “കമ്മ്യൂണിറ്റി മാർക്കറ്റ്” പദ്ധതിയിൽ സംരംഭക തത്പരരായ കുടുംബങ്ങൾക്ക് സൗജന്യ ഷോപ്പുകൾ നൽകുമെന്ന് ഭരണ വികസന, തൊഴിൽ, സാമൂഹിക കാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഔഖാഫ്-ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിന്റെയും യുണൈറ്റഡ് ഡെവലപ്മെന്റ് കമ്പനിയുടെയും പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന പേൾ-ഖത്തറിൽ ഗാർഹിക സംരംഭകർക്കായുള്ള പദ്ധതി പൂർത്തിയായതായി മന്ത്രാലയം അറിയിച്ചു.
“കമ്മ്യൂണിറ്റി മാർക്കറ്റ്സ്” പ്രോജക്റ്റ് സംരംഭകത്വം ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി ഒന്നിലധികം ഔട്ട്ലെറ്റുകൾ നൽകാൻ ലക്ഷ്യമിടുന്നു, മധുരപലഹാരങ്ങൾ, പരമ്പരാഗത ഭക്ഷണങ്ങൾ, വസ്ത്രങ്ങൾ, അബായകൾ, സുഗന്ധദ്രവ്യങ്ങൾ, എന്നിവ വിൽക്കുന്ന 29 ഷോപ്പുകൾ, റസ്റ്ററന്റുകൾ തുടങ്ങിയവയാണവ. കൂടാതെ, കൈത്തൊഴിൽ വസ്തുക്കൾക്കും മറ്റും സ്വന്തം കമ്പനികൾ സ്ഥാപിക്കാൻ കുടുംബങ്ങളെ പ്രാപ്തരാക്കാനുള്ള പരിശീലന കേന്ദ്രവും പദ്ധതിയിൽ ഉൾപ്പെടും.
പദ്ധതിയുടെ ഗുണഭോക്താക്കളെ നറുക്കെടുപ്പിലൂടെയാവും തിരഞ്ഞെടുക്കുക. പദ്ധതി വിശദാംശങ്ങളും രജിസ്ട്രേഷനും തിരഞ്ഞെടുപ്പും വരും ആഴ്ചകളിൽ മന്ത്രാലയം വെളിപ്പെടുത്തും.