ദോഹ: ലോകകപ്പ് ഫുട്ബോൾ മത്സരം കാണാനെത്തുന്ന സന്ദർശകരെ വരവേൽക്കാനൊരുങ്ങി ഖത്തർ. 1,30,000 റൂമുകൾ കാണികൾക്കായി ഒരുക്കിയിട്ടുണ്ടെന്ന് ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു.
പ്രതിദിനം 80 ഡോളർ അഥവാ ഏകദേശം 6,000 ഇന്ത്യൻ രൂപ മുതലാണ് റൂമുകൾ ലഭ്യമാകുക. എല്ലാ തരം ആളുകൾക്കും താങ്ങാവുന്ന ചെലവിലാണ് സൗകര്യങ്ങൾ ഒരുക്കിയതെന്നും കമ്മിറ്റി വ്യക്തമാക്കി.
ഹോട്ടലുകൾ, ആഡംബര കപ്പലുകൾ, വില്ലകൾ, അപ്പാർട്‌മെന്റുകൾ എന്നിവിടങ്ങളിലായി 1.30 ലക്ഷം റൂമുകളാണ് തയ്യാറാക്കിയിരിക്കുന്നത്.
ഏകദേശം 10 ലക്ഷം ആരാധകർ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആളുകൾക്ക് ഇപ്പോൾ തന്നെ ഒഫീഷ്യൽ പ്ലാറ്റ്‌ഫോം വഴി താമസ സൗകര്യം ബുക്ക് ചെയ്ത് തുടങ്ങാം.