110 മെട്രോ ട്രെയിനുകൾ ദിവസേന 21 മണിക്കൂർ വരെ
ലോകകപ്പ് വേളയിൽ യാത്രക്കാരുടെ എണ്ണത്തിൽ പ്രതീക്ഷിക്കുന്ന കുതിച്ചുചാട്ടം കണക്കിലെടുത്ത് ഖത്തർ റെയിൽ 110 മെട്രോ ട്രെയിനുകൾ വിന്യസിക്കുകയും പ്രവർത്തനം ദിവസേന 21 മണിക്കൂർ വരെ നീട്ടുകയും ചെയ്യും. ടൂർണമെന്റിൽ പ്രതിദിനം ഏകദേശം 700,000 യാത്രക്കാരെ വരെ പ്രതീക്ഷിക്കുന്നു; ഇത് പതിവ് പ്രതിദിന റൈഡർഷിപ്പിന്റെ ആറിരട്ടിയാണ്.
ദോഹ മെട്രോയുടെ സുഗമമായ പ്രവർത്തനവും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കാൻ പതിനായിരത്തിലധികം തൊഴിലാളികൾ പ്രവർത്തിക്കുമെന്ന് ഖത്തർ റെയിൽ മാനേജിംഗ് ഡയറക്ടറും സിഇഒയും കൂടിയായ മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈ പറഞ്ഞു.
റെഡ് ലൈനിൽ ഓടുന്ന ട്രെയിൻ ബോഗികൾ മൂന്നിൽ നിന്ന് ആറായി വർധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഖത്തർ റെയിൽ ഇന്നലെ ദോഹ ടൗൺ ഹാളിൽ സംഘടിപ്പിച്ച പങ്കാളികളുടെ യോഗത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൽ സുബൈ.