ഖത്തർ ജലാശയങ്ങളിൽ ഹമൂർ മത്സ്യങ്ങളുടെ സ്റ്റോക്കിൽ 100 ശതമാനം വർദ്ധനവ്
2023-2024 ലെ ഇൻ്റേണൽ അച്ചീവ്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച്, ഖത്തർ ജലാശയങ്ങളിലെ ഹമൂർ മത്സ്യങ്ങളുടെ ശേഖരത്തിൽ 100% വർദ്ധനവ് കൈവരിച്ചുവെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ഫിഷ് സ്റ്റോക്ക് എൻറിച്ച്‌മെൻ്റ് ഇനീഷ്യേറ്റീവിൽ കൃഷി ചെയ്‌ത ഹമോറിന്റെയും സീബ്രീമിന്റെയും കുഞ്ഞുങ്ങളെ കടലിൽ വിട്ടിരുന്നു. ഇത് 2022 അവസാനത്തോടെ മത്സ്യത്തിന്റെ സ്റ്റോക്ക് നൂറു ശതമാനം വർധിച്ച് 2000 ടണ്ണിലെത്താൻ കാരണമായി.
മത്സ്യബന്ധനത്തിൻ്റെ അളവും സ്റ്റോക്കും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താനും, അമിതമായ മത്സ്യബന്ധനത്താൽ വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളുള്ള സമ്പത്തിനെ പിന്തുണക്കാനുമാണ് ഫിഷ് സ്റ്റോക്ക് എൻറിച്മെൻ്റ് പ്രോഗ്രാം ലക്ഷ്യമിടുന്നത്. പരിമിതമായ അളവിൽ ലഭ്യമായ സീബ്രീം, സിൽവർ സീബ്രീം തുടങ്ങിയ സാമ്പത്തിക മൂല്യമുള്ള മത്സ്യങ്ങളുടെ ശേഖരത്തെ ഈ പരിപാടി സമ്പന്നമാക്കുകയും ഉയർന്ന മത്സ്യ ഉൽപ്പാദനത്തിന് സംഭാവന നൽകുകയും ചെയ്യുന്നു.
മത്സ്യക്കുഞ്ഞുങ്ങളെ വിജയകരമായി പുറത്തുവിടുന്നതിനും ഗതാഗത ടാങ്കുകൾ സജ്ജീകരിക്കുന്നതിനും എയർ പമ്പുകൾ, ഓക്‌സിജൻ സിലിണ്ടറുകൾ, ബോട്ടുകൾ എന്നിവ തയ്യാറാക്കുന്നതിനും ഒരു പ്രത്യേക സംഘം മുൻകൂട്ടി തയ്യാറെടുക്കുന്നു. മത്സ്യക്കുഞ്ഞുങ്ങളെ ആദ്യം ഹാച്ചറിയിൽ നിന്ന് നിയുക്ത ട്രക്കുകളിലേക്കും ബോട്ടുകളിലേക്കും, അതിൽ നിന്നും മുൻകൂട്ടി നിശ്ചയിച്ച റിലീസിംഗ് സൈറ്റുകളിലേക്കും വിടുകയാണ് ചെയ്യുന്നത്.
കൃത്യമായ ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിച്ചാണ് റിലീസ് സൈറ്റുകളുടെ തിരഞ്ഞെടുപ്പ്. ഫിഷ് നഴ്‌സറി സോണുകൾ, കടൽ മത്സ്യങ്ങൾക്കുള്ള പ്രകൃതിദത്ത നഴ്‌സറി പ്രദേശങ്ങൾ, കണ്ടൽക്കാടുകൾ, മത്സ്യബന്ധനം നിരോധിച്ചിട്ടുള്ള സംരക്ഷിത പ്രദേശങ്ങൾ എന്നിവയാണ് ഇതിനായി തിരഞ്ഞെടുക്കുന്ന പ്രദേശങ്ങൾ.