അടിയന്തര സാഹചര്യങ്ങളിൽ ജോലിസ്ഥലത്തുനിന്നുള്ള സുരക്ഷിതമായ ഒഴിപ്പിക്കൽ : മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ: അടിയന്തര ഘട്ടങ്ങളിലും അസാധാരണ സാഹചര്യങ്ങളിലും ജോലിസ്ഥലങ്ങളിൽ നിന്ന് സുരക്ഷിതമായി ഒഴിഞ്ഞുപോകാത്തതിനുള്ള (Evacuation) മുൻകരുതൽ മാർഗ്ഗനിർദ്ദേശങ്ങൾ ഖത്തർ ആഭ്യന്തര മന്ത്രാലയം (MOI) പുറത്തിറക്കി. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പാലിക്കേണ്ട പ്രധാന കാര്യങ്ങൾ മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
ഒഴിപ്പിക്കലിന് മുൻപുള്ള തയ്യാറെടുപ്പുകൾ:
അടിയന്തര സാഹചര്യം ഉണ്ടാകുന്നതിന് മുൻപുതന്നെ ഓരോ ജീവനക്കാരനും സ്ഥാപനത്തിലെ എമർജൻസി എക്സിറ്റുകളെക്കുറിച്ചും (Emergency Exits) പുറത്തുകടക്കാനുള്ള വഴികളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. കെട്ടിടത്തിന് പുറത്തുള്ള അസംബ്ലി പോയിന്റ്, സുരക്ഷാ ഉപകരണങ്ങൾ, അഗ്നിശമന ഉപകരണങ്ങൾ എന്നിവ എവിടെയാണെന്ന് മുൻകൂട്ടി അറിഞ്ഞിരിക്കണം. അടിയന്തര പാതകളിൽ തടസ്സങ്ങളില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരും ഉറപ്പുവരുത്തണം.
ജാഗ്രതാ നിർദ്ദേശം ലഭിച്ചാൽ:
ഒഴിഞ്ഞുപോകാാനുള്ള മുന്നറിയിപ്പ് ലഭിച്ചാലുടൻ ജോലി നിർത്തിവെച്ച് ശാന്തത പാലിക്കണം. നാഷണൽ അലർട്ട് സിസ്റ്റം വഴിയോ സുരക്ഷാ ഉദ്യോഗസ്ഥർ വഴിയോ ലഭിക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. വ്യക്തിപരമായ സാധനങ്ങൾ ശേഖരിക്കാൻ നിൽക്കാതെ എത്രയും വേഗം കെട്ടിടത്തിന് പുറത്തുകടക്കണം. സഹപ്രവർത്തകർ, സന്ദർശകർ, പ്രായമായവർ, ഭിന്നശേഷിക്കാർ എന്നിവരെ സഹായിക്കാൻ ജീവനക്കാർ മുൻകൈ എടുക്കണം.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
- പുറത്തുകടക്കാൻ ലിഫ്റ്റുകൾ ഉപയോഗിക്കരുത്, ഗോവണിപ്പടികൾ മാത്രം ഉപയോഗിക്കുക.
- ഓടാനോ പരസ്പരം തള്ളാനോ പാടില്ല.
- പുകയുണ്ടെങ്കിൽ തറനിരപ്പിനോട് ചേർന്ന് താഴ്ന്ന് നീങ്ങുക.
- പുറത്തെത്തിയ ശേഷം നിശ്ചയിച്ച അസംബ്ലി പോയിന്റിൽ റിപ്പോർട്ട് ചെയ്യുക. ആരെങ്കിലും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടപ്പുണ്ടെങ്കിൽ ഉടൻ അധികൃതരെ അറിയിക്കുക.
- അപകടം ഒഴിഞ്ഞതായി ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെ കെട്ടിടത്തിനുള്ളിലേക്ക് തിരികെ പ്രവേശിക്കരുത്.
പുറത്തുകടക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ:
കെട്ടിടത്തിന് പുറത്തേക്ക് പോകാൻ കഴിയാത്തവർ ഉള്ളിലെ ഏറ്റവും സുരക്ഷിതമായ ഇടത്തേക്ക് മാറുകയും വാതിലുകൾ അടയ്ക്കുകയും വേണം. തുടർന്ന് ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ച് നിർദ്ദേശങ്ങൾക്കായി കാത്തിരിക്കണം. പലായന പാത സുരക്ഷിതമല്ലെങ്കിൽ ഗ്ലാസ് ഭിത്തികളിൽ നിന്ന് അകന്നുമാറി നിൽക്കണം. അഭയസ്ഥാനം കണ്ടെത്താൻ കഴിയാത്തവർ സഹായത്തിനായി 40442999 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.




