Qatar

വുഖൂദ് അറ്റാദായം 104 കോടി റിയാൽ; ഓഹരി ഉടമകൾക്ക് മികച്ച ലാഭവിഹിതം

ദോഹ: ഖത്തറിലെ ഇന്ധന വിതരണ കമ്പനിയായ വുഖൂദ് 2025 സാമ്പത്തിക വർഷത്തിൽ 1.04 ബില്യൺ (104 കോടി) ഖത്തർ റിയാൽ അറ്റാദായം കൈവരിച്ചു. മുൻവർഷത്തെ 1.05 ബില്യൺ റിയാലുമായി താരതമ്യം ചെയ്യുമ്പോൾ ലാഭത്തിൽ 1.17 ശതമാനത്തിന്റെ നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പ്രസിദ്ധീകരിച്ച സാമ്പത്തിക റിപ്പോർട്ടിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ 2025 ഡിസംബർ 31-ന് അവസാനിച്ച കാലയളവിൽ ഓരോ ഓഹരിക്കുമുള്ള വരുമാനം 1.05 റിയാലായി നിശ്ചയിച്ചു. മുൻവർഷം ഇത് 1.06 റിയാലായിരുന്നു.

കമ്പനിയുടെ സാമ്പത്തിക പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഓഹരി ഉടമകൾക്ക് ആകർഷകമായ ലാഭവിഹിതം നൽകാൻ ഭരണസമിതി ശുപാർശ ചെയ്തിട്ടുണ്ട്. 2025-ന്റെ രണ്ടാം പകുതിയിലെ ലാഭവിഹിതമായി ഓഹരിയുടെ മുഖവിലയുടെ 50 ശതമാനം അഥവാ ഒരു ഓഹരിക്ക് 0.50 റിയാൽ വീതം നൽകാനാണ് ബോർഡ് നിർദ്ദേശിച്ചത്. 2025 ജൂണിൽ അവസാനിച്ച ആദ്യ പകുതിയിലെ ലാഭവിഹിതമായി ഓഹരി ഒന്നിന് 0.40 റിയാൽ വീതം നേരത്തെ വിതരണം ചെയ്തിരുന്നു. ഇതോടെ 2025 സാമ്പത്തിക വർഷത്തിൽ ഓഹരി ഉടമകൾക്ക് ലഭിക്കുന്ന മൊത്തം ലാഭവിഹിതം 0.90 റിയാലായി ഉയരും. ജനറൽ അസംബ്ലി യോഗത്തിന്റെ അന്തിമ അംഗീകാരത്തിന് ശേഷം ഈ തുക ഓഹരി ഉടമകൾക്ക് ലഭ്യമാകും.

Related Articles

Back to top button