മണ്ണിൽ കണ്ടെത്തിയ വെളുത്ത പദാർത്ഥം ദോഷകരമല്ലെന്ന് പരിസ്ഥിതി മന്ത്രാലയം

ദോഹ: ഖത്തറിലെ ഒരു പ്രദേശത്ത് മണ്ണിൽ വെളുത്ത നിറത്തിലുള്ള പദാർത്ഥം കണ്ടെത്തിയെന്ന പൗരന്റെ പരാതിയിൽ വിശദീകരണവുമായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. പരിശോധനാ ഫലങ്ങൾ പ്രകാരം ഈ പദാർത്ഥം പൂർണ്ണമായും ദോഷരഹിതമാണെന്ന് മന്ത്രാലയം അറിയിച്ചു.
ഏപ്രിൽ 9-നാണ് മണ്ണിൽ അസ്വാഭാവികമായ രീതിയിൽ വെളുത്ത പദാർത്ഥം കണ്ടതായി പൗരൻ മന്ത്രാലയത്തെ അറിയിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ മന്ത്രാലയത്തിന്റെ വിദഗ്ധ സംഘം സാമ്പിളുകൾ ശേഖരിക്കുകയും ലബോറട്ടറി പരിശോധനകൾക്ക് വിധേയമാക്കുകയും ചെയ്തു.
ഒരു ടാങ്കിൽ നിന്നുള്ള മഴവെള്ളം ഒഴുക്കിവിട്ടതിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങളാണ് ഇതെന്നും ഇതിൽ ദോഷകരമായ രാസവസ്തുക്കളോ മറ്റ് പദാർത്ഥങ്ങളോ അടങ്ങിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. പ്രദേശത്ത് മലിനീകരണത്തിന്റെ ലക്ഷണങ്ങളോ സസ്യങ്ങൾക്കോ മറ്റോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.




