
ദോഹ: ഫിഫ ലോകകപ്പ് ഖത്തർ 2022 വോളണ്ടിയർ പ്രോഗ്രാമിലേക്കുള്ള അപേക്ഷകർക്കുള്ള അഭിമുഖങ്ങൾ ഓഗസ്റ്റ് 13 ശനിയാഴ്ച അവസാനിക്കും.
പ്രോഗ്രാമിന്റെ രജിസ്ട്രേഷൻ ജൂലൈ 31-ന് അവസാനിച്ചതിനാൽ, എല്ലാ അപേക്ഷകരോടും ഓഗസ്റ്റ് 13-നകം ഇന്റർവ്യൂ ബുക്ക് ചെയ്യാൻ സുപ്രീം കമ്മിറ്റി ആഹ്വാനം ചെയ്തു. ഈ തിയ്യതി മുതൽ ലോക ഫുട്‌ബോൾ മാമാങ്കത്തിന് 100 ദിവസമാണ് ഉള്ളത്.
“അഭിമുഖങ്ങൾ ഓഗസ്റ്റ് 13-ന് അവസാനിക്കും. ടൂർണമെന്റിലേക്ക് 100 ദിവസങ്ങളാണ് ബാക്കിയുള്ളത്. ഞങ്ങൾ ഇതിനകം റോൾ ഓഫറുകൾ അയച്ചു തുടങ്ങിയിട്ടുണ്ട്, വരും ആഴ്ചകളിലും അത് തുടരും. ദയവായി നിങ്ങളുടെ ആപ്ലിക്കേഷനെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾക്കായി ഇമെയിലും പോർട്ടലും പരിശോധിക്കുന്നത് തുടരുക,” എസ്‌സി വെബ്‌സൈറ്റിൽ അറിയിച്ചു.
വേൾഡ് കപ്പ് ഖത്തർ 2022 വോളണ്ടിയർ പ്രോഗ്രാമിനായുള്ള അപേക്ഷകളിൽ അര ദശലക്ഷത്തിലധികം സൈൻ അപ്പുകൾ ലഭിച്ചു. നവംബറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഖത്തറിൽ ലോകമെമ്പാടുമുള്ള 20,000 സന്നദ്ധപ്രവർത്തകർ 30 ലധികം വ്യത്യസ്ത റോളുകളിലായി 45 മേഖലകളിൽ പ്രവർത്തിക്കും.