ലോകകപ്പിനായി സന്ദർശിക്കുന്ന ആരാധകർ ഖത്തറിൽ താമസിക്കുന്ന കാലയളവിലേക്ക് ഹെൽത്ത് ഇൻഷുറൻസ്/ആരോഗ്യ പരിരക്ഷയോട് കൂടിയ ട്രാവൽ ഇൻഷുറൻസ് എടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ശക്തമായി ശുപാർശ ചെയ്തു. എന്നാൽ ആരാധകർക്ക് ഹെൽത്ത് ഇൻഷുറൻസ് ഇത് വരെയും നിർബന്ധമല്ല.
ഖത്തറിലേക്കുള്ള സന്ദർശകർക്ക് രാജ്യത്തെ ഏതെങ്കിലും സ്വകാര്യ അല്ലെങ്കിൽ പൊതു ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ, ക്ലിനിക്കുകൾ, ഫാർമസികൾ എന്നിവയിൽ നിന്ന് വൈദ്യസഹായം ലഭിക്കും. ഹയ്യ കാർഡ് ഉടമകൾക്ക് പൊതു ആശുപത്രികളിൽ അടിയന്തര ആരോഗ്യ സേവനങ്ങൾ സൗജന്യമായി നൽകും.
ഖത്തറിന്റെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പരിശോധിക്കാൻ ആരാധകരോട് നിർദ്ദേശിച്ചു.