ദോഹ: മെട്രാഷ് 2 ആപ്പിലൂടെ ഇനി ഇന്ത്യക്കാർക്കും വിസിറ്റിങ്ങ് വിസയ്ക്ക് അപേക്ഷിച്ചു തുടങ്ങാം. അപേക്ഷകരുടെ രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യ എന്ന ഓപ്ഷനും ലഭ്യമായി തുടങ്ങി. പുതിയ ട്രാവൽ നയത്തിന്റെ ഭാഗമായി ജൂലൈ 11, മുതലാണ് വിസിറ്റിങ്ങ് വിസയ്ക്കുള്ള അപേക്ഷകൾ ആരംഭിച്ചതെങ്കിലും ഇന്ത്യകാർക്കുള്ള ഓപ്ഷൻ ഇന്ന് മുതലാണ് ലഭ്യമായിത്തുടങ്ങുന്നത്. ഇതിനോടകം തന്നെ ധാരാളം പേർ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു.
പൂർണമായും വാക്സീൻ സ്വീകരിച്ചു 14 ദിവസം പിന്നിട്ടവർക്ക് മാത്രമേ ഖത്തറിലേക്ക് വിസിറ്റിങ്ങ് വിസയിൽ വരാൻ സാധിക്കുകയുള്ളൂ. ഇന്ത്യയിൽ നിന്നുള്ള, 11 വയസ്സു വരെ പ്രായമുള്ള കുട്ടികൾക്ക് വിസിറ്റിങ്ങ് വിസയിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാക്സിനേഷൻ പൂർത്തിയാകാത്ത ആർക്കും തന്നെയും വിസിറ്റിങ്ങ് വിസ അനുവദിക്കില്ല.