സ്റ്റീവ് ഹാർവിയുടെ മെൽറ്റ് ലൈവുമായി കൈകോർത്ത് വിസിറ്റ് ഖത്തർ

പ്രശസ്ത അമേരിക്കൻ ടെലിവിഷൻ അവതാരകൻ സ്റ്റീവ് ഹാർവിയുടെ പങ്കാളിത്തത്തിൽ ഉള്ള മെൽറ്റ് ലൈവ് ഇവന്റ്‌സുമായി വിസിറ്റ് ഖത്തർ ദോഹയിൽ ഒരു വിനോദ പങ്കാളിത്തം പ്രഖ്യാപിച്ചു.
ഖത്തർ ടൂറിസം ചെയർമാനും വിസിറ്റ് ഖത്തർ ഡയറക്ടർ ബോർഡ് ചെയർമാനുമായ സാദ് ബിൻ അലി അൽ ഖർജി, മെൽറ്റ് ലൈവ് ഇവന്റ്‌സിന്റെ ചെയർമാനും ആഗോള വിനോദ ഐക്കണുമായ സ്റ്റീവ് ഹാർവി എന്നിവർ ചേർന്നായിരുന്നു പ്രഖ്യാപനം.
നിലവിൽ ഒപ്പുവച്ച ബഹുവർഷ കരാർ പ്രകാരം, അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട പരിപാടികൾ മെൽറ്റ് ലൈവ് ഇവന്റ്‌സ് ഖത്തറിലേക്ക് കൊണ്ടുവരും. ഈ പരിപാടികൾ രാജ്യത്തെ സംസ്കാരം, ജീവിതശൈലി, വിനോദം എന്നിവയുടെ ഒരു പ്രധാന കേന്ദ്രമായി മാറും.
പുതിയ പങ്കാളിത്തത്തിന് കീഴിൽ, 2026 ൽ രണ്ട് മുൻനിര പരിപാടികൾ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു. കാർ സംസ്കാരവും ലൈവ് സംഗീതവും സംയോജിപ്പിച്ച് അന്താരാഷ്ട്ര പ്രതിഭകളെ ഒന്നിപ്പിക്കുന്ന ഉത്സവമായ “ഫ്യൂവൽഫെസ്റ്റ് ഖത്തർ”; ഗോൾഫ്, വിനോദം, സെലിബ്രിറ്റി പങ്കാളിത്തം എന്നിവ സംയോജിപ്പിക്കുന്ന ലൈഫ്‌സ്റ്റൈൽ കായിക പരിപാടിയായ സ്റ്റീവ് ഹാർവിയുടെ “ദി ഗോൾഫ് ക്ലാസിക്” എന്നിവക്ക് ഖത്തർ വേദിയാകും.