ഖത്തറിലെ റൈഡ് ഷെയറിങ് ആപ്പുകളുടെ സേവനങ്ങളെ സംബന്ധിച്ച് പരാതികളുമായി യാത്രക്കാരും ഡ്രൈവർമാരും

ഖത്തറിലുടനീളമുള്ള യാത്രക്കാർ ഊബർ, ബാഡ്ർഗോ തുടങ്ങിയ റൈഡ് ഷെയറിംഗ് ആപ്പുകളിൽ തങ്ങൾക്കുള്ള അതൃപ്‌തി പ്രകടിപ്പിക്കുന്നു. അതേസമയം ഡ്രൈവർമാരും തങ്ങൾ നേരിടുന്ന വിവിധ വെല്ലുവിളികളെക്കുറിച്ച് വ്യക്തമാക്കുകയുണ്ടായി.
യാത്രക്കാർക്കിടയിലെ ഒരു പ്രധാന പരാതി, റൈഡ് അഭ്യർത്ഥനകൾ സ്വീകരിക്കുന്ന ഡ്രൈവർമാർ മനഃപൂർവം വരാതിരിക്കുന്നു എന്നതാണ്. ഇങ്ങിനെ യാത്രക്കാരെക്കൊണ്ട് റൈഡ് കാൻസൽ ചെയ്യിക്കാനും അതിലൂടെ കാൻസലേഷൻ ഫീസ് അടയ്ക്കാൻ നിർബന്ധിക്കപ്പെടുന്നുണ്ടെന്നും അവർ വ്യക്തമാക്കി. പല യാത്രക്കാരും പറയുന്നത് ഡ്രൈവർമാർ ദൂരെ പാർക്ക് ചെയ്യുകയോ വരേണ്ടതിന്റെ എതിർ ദിശയിലേക്ക് നീങ്ങുകയോ ചെയ്യുന്നുവെന്നാണ്. ഇങ്ങിനെ ഉപയോക്താക്കളെക്കൊണ്ട് കാൻസൽ ചെയ്യിച്ച് സ്വന്തം പിഴകൾ ഒഴിവാക്കി, കൂടുതൽ പണം ലഭിക്കുന്ന മറ്റുള്ള ആപ്പുകളിലെ റൈഡുകൾ ഡ്രൈവർമാർ തിരഞ്ഞെടുക്കുന്നു. ഉദാഹരണത്തിന്, ഏതാനും തവണ റൈഡ് കാൻസൽ ചെയ്‌താൽ ഊബർ 10 റിയാൽ ഈടാക്കുന്നു, ഇത് ഉപയോക്താക്കൾക്ക് അധിക ചിലവും സമയനഷ്ടവും ഉണ്ടാക്കുന്നു.
യാത്രകൾക്ക് ശേഷം ഡ്രൈവർമാരിൽ നിന്നുള്ള അനാവശ്യ കോളുകൾ, സന്ദേശങ്ങൾ എന്നിവ സംബന്ധിച്ച് വനിതാ റൈഡർമാർ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്, ഈ അനുഭവങ്ങൾ സുരക്ഷിതത്വം ഇല്ലാതാക്കുന്നുണ്ടെന്ന് അവർ പറയുന്നു. ചില ഡ്രൈവർമാർ വീൽചെയറുകളുള്ള യാത്രക്കാരെ കയറ്റാൻ വിസമ്മതിക്കുകയും ചെറിയ കാറാണെന്നു പറഞ്ഞ് കുടുംബത്തിലെ എല്ലാവരെയും കയറ്റാതെ പോവുകയും ചെയ്യുന്ന പ്രശ്‌നങ്ങളും രേഖപ്പെടുത്തുന്നുണ്ട്.
നിരക്കുകളും യാത്രാ സമയവും വർദ്ധിപ്പിക്കാൻ ഡ്രൈവർമാർ അനാവശ്യമായി ദീർഘദൂര റൂട്ടുകൾ എടുക്കുന്നതായും പല യാത്രക്കാരും റിപ്പോർട്ട് ചെയ്യുന്നു. കാറിനുള്ളിലെ മ്യൂസിക്കിനെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളും ചിലർ പറയുന്നുണ്ട്. ഡ്രൈവർമാർ ബ്ലൂടൂത്ത് കണക്റ്റുചെയ്യാനോ റേഡിയോ നിയന്ത്രിക്കാനോ വിസമ്മതിക്കുന്നുവെന്ന് ചില റൈഡർമാർ പരാതിപ്പെടുന്നു. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ വ്യക്തിഗത കോളുകൾ ചെയ്യുകയും വീഡിയോകൾ കാണുകയും ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ട് മറ്റു ചിലർ ചെയ്യുന്നു. അശ്രദ്ധമായ ഡ്രൈവിംഗും വാഹനങ്ങളിലെ മോശം ശുചിത്വവും സംബന്ധിച്ച ആശങ്കകളും റൈഡർമാർ പങ്കുവെച്ചിരുന്നു.
മറുവശത്ത്, തങ്ങൾ ഗുരുതരമായ സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് ഡ്രൈവർമാർ വാദിക്കുന്നു. ജീവിതച്ചെലവ് വർദ്ധിക്കുന്നതിനനുസരിച്ച് വരുമാനം വർദ്ധിപ്പിക്കുന്നതിന് ഒന്നിലധികം ആപ്പുകളിൽ പ്രവർത്തിക്കുന്നതായി പലരും പറയുന്നു. ചില ഡ്രൈവർമാർ ഉയർന്ന നിരക്കിലുള്ള യാത്രകൾക്ക് മുൻഗണന നൽകുന്നുവെന്ന് സമ്മതിക്കുന്നുണ്ട്, എന്നാൽ അതിജീവനത്തിന് അത് ആവശ്യമാണെന്നാണ് അവരുടെ വാദം. ബുദ്ധിമുട്ടുണ്ടാക്കുന്ന യാത്രക്കാരെക്കുറിച്ചും അവർ വ്യക്തമാക്കുന്നു. കൗമാരപ്രായക്കാർ വേപ്പിങ് നടത്തുന്നത്, കുഴപ്പമുണ്ടാക്കുന്നത്, അല്ലെങ്കിൽ കാറുകൾക്കുള്ളിൽ അനുചിതമായി പെരുമാറുന്നത് എന്നിവ പോലുള്ള കേസുകൾ അവർ എടുത്തുകാണിക്കുന്നു. ഉച്ചത്തിൽ സംഗീതം വെക്കാനുള്ള അഭ്യർത്ഥനകൾ സുരക്ഷയെ ബാധിക്കുമെന്നും ഡ്രൈവർമാർ പറയുന്നു..
നിലവിലെ സംവിധാനത്തിൽ പ്രശ്‌നങ്ങളുണ്ടെന്ന് യാത്രക്കാരും ഡ്രൈവർമാരും സമ്മതിക്കുന്നു. അതുകൊണ്ടു തന്നെ എല്ലാവരുടെയും അനുഭവം മെച്ചപ്പെടുത്തുന്നതിന് മെച്ചപ്പെട്ട മാനദണ്ഡങ്ങൾ, ധാരണ, നിയന്ത്രണം എന്നിവയ്ക്കുള്ള ആവശ്യകത വർദ്ധിച്ചുവരികയാണ്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE