ജിസിസി രാജ്യങ്ങളിൽ യാത്രക്കായി ഒറ്റ വീസ: അടുത്ത മാസം മുതൽ പ്രാബല്യത്തിൽ

ഒറ്റ വിസ ഉപയോഗിച്ച് ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിൽ യാത്ര ചെയ്യാനുളള ഏകജാലക വൺ-സ്റ്റോപ്പ് ട്രാവൽ സിസ്റ്റത്തിന് ജിസിസി അംഗീകാരം നൽകി. അടുത്ത മാസം മുതൽ യുഎഇ–ബഹ്റൈൻ ഇടയിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കും. ഈ വിവരം കുവൈത്തിൽ നടന്ന 42-ാമത് ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി അറിയിച്ചു.
പരീക്ഷണം വിജയകരമെങ്കിൽ ഉടൻ തന്നെ മറ്റ് ജിസിസി അംഗരാജ്യങ്ങളിലേക്കും പദ്ധതി വിപുലീകരിക്കും.
പുതിയ സംവിധാനത്തിന്റെ പ്രധാന സവിശേഷതകൾ:
◆ യാത്രക്കാർക്ക് ഒരു ചെക്ക്‌പോയിന്റിൽ തന്നെ ഇമിഗ്രേഷൻ, കസ്റ്റംസ്, സുരക്ഷാ പരിശോധനകൾ എല്ലാം പൂർത്തിയാക്കാൻ സാധിക്കും.
◆ നിലവിലെ പോലെ ഓരോ രാജ്യത്തും പ്രത്യേകം പരിശോധനകൾക്ക് പോകേണ്ട സാഹചര്യം ഒഴിവാകും.
◆ യാത്രാചട്ടലംഘനങ്ങൾ പരസ്പരമായി പങ്കുവെക്കാൻ ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്ഫോം രൂപീകരിക്കും.
◆ ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ പൗരന്മാർക്ക് എയർപോർട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഒരൊറ്റ പാസ്പോർട്ട്-സുരക്ഷാ പരിശോധന മാത്രം മതിയാകും. ഇതോടെ യാത്രാസമയം ഗണ്യമായി കുറയും.
അതിനോടൊപ്പം, ഗൾഫ് രാജ്യങ്ങളിലെ ഏകീകൃത ടൂറിസ്റ്റ് വിസയായ GCC Grand Tours Visaയും ഈ വർഷം.നടപ്പാക്കും. ഇതിലൂടെ ഒരു വിസയിൽ തന്നെ ആറ് ഗൾഫ് രാജ്യങ്ങളിലേക്കും ടൂറിസ്റ്റുകൾക്ക് യാത്ര ചെയ്യാൻ കഴിയും.




