ഐക്യരാഷ്ട്ര സഭയുടെ ഭീകരവിരുദ്ധ ഓഫീസ് ദോഹയിൽ ആരംഭിച്ചു. സമാനഘടനയിൽ ലോകത്താദ്യം
ദോഹ: ഐക്യരാഷ്ട്ര സഭയുടെ ഭീകരവിരുദ്ധ ഓഫീസ് ഇന്ന് ദോഹയിൽ ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. ഖത്തർ ഷൂറ കൗണ്സിൽ സ്പീക്കർ അഹ്മദ് ബിൻ അബ്ദുള്ള ബിൻ സയീദ് അൽ മഹ്മൂദും യുഎൻ അണ്ടർ സെക്രട്ടറി ജനറൽ വ്ലാദിമർ വോറങ്കോവും സംയുക്തമായാണ് ഉദ്ഘാടനം നിർവഹിച്ചത്. ലോകത്ത് ആദ്യമായാണ് ഈ രീതിയിൽ ഇന്റർപാര്ലമെന്ററി സംവിധാനങ്ങളെയടക്കം ഉൾക്കൊള്ളിച്ച് കൊണ്ട് ഒരു ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ ഭീകരവിരുദ്ധ വിഭാഗവും ഖത്തർ ഷൂറ കൗണ്സിലും തമ്മിലുള്ള 2019 ഫെബ്രുവരിയിലെ സംയുക്ത ധാരണാപത്രത്തിന്റെയും 2020 നവംബറിലെ
കരാറിന്റെയും അടിസ്‌ഥാനത്തിലാണ് ഓഫീസിന്റെ പ്രവർത്തനം. ലോകത്തെ എല്ലാ രാജ്യങ്ങളുടെയും പാർലമെന്റിനെ പ്രതിനിധീകരിക്കാനുള്ള ശേഷി ഓഫീസിനുണ്ട്.
ദോഹയിൽ ഈ ഓഫീസ് സ്ഥാപിച്ചതിൽ ഐക്യരാഷ്ട്രസഭയെയും അന്താരാഷ്ട്ര സമൂഹത്തെയും അഭിനന്ദിക്കുന്നതായും തീവ്രവാദത്തെ നേരിടുന്നതിൽ ഖത്തർ വഹിക്കുന്ന വിശിഷ്ട പങ്കും ഇക്കാര്യത്തിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ഉറച്ച നയവും തീവ്രവാദത്തിന്റെ ഉറവിടം പരിഗണിക്കാതെ അതിന്റെ കാരണങ്ങൾ ഇല്ലാതാക്കുന്നതായി ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് അൽ മഹമൂദ് പറഞ്ഞു. “ലോകത്തിലെ എല്ലാ പാർലമെന്റുകൾക്കും ഈ ഓഫീസിലെ പരിപാടികളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും പ്രയോജനം ലഭിക്കും, തീവ്രവാദത്തെ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങളിൽ ഇത് ഒരു സുപ്രധാന കുതിച്ചുചാട്ടമായിരിക്കും”, അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ ആഗോള ഭീകരവിരുദ്ധനയത്തിന്റെ നാല് തൂണുകളുടെ നടപ്പാക്കലിനും ഭീകരതയെയും തീവ്രവാദത്തിലേക്ക് നയിക്കുന്ന ആശയങ്ങളെയും നേരിടുക, ഗവേഷണവും വിശകലനവും നടത്തുക, ലോകമെമ്പാടും പുതിയ നിയമനിർമ്മാണം നടത്തുക, പാർലമെന്റിന്റെ നേതൃത്വത്തിലുള്ള തീവ്രവാദ വിരുദ്ധ നിയമനിർമ്മാണം, നയങ്ങൾ, തന്ത്രങ്ങൾ എന്നിവ രൂപീകരിക്കാൻ സഹായിക്കുക, തീവ്രവാദത്തെ തടയുന്നതിനും പോരാടുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവക്കൊപ്പം ഇത് സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെയും ഇന്റർ പാർലമെന്ററി യൂണിയന്റെയും ചട്ടക്കൂടിനുള്ളിലുള്ള വിവിധ പദ്ധതികളും ഓഫീസ് ഏറ്റെടുക്കും.
ആഗോള പാർലമെന്ററി ശൃംഖല സ്ഥാപിക്കുന്നതിനും വെബ് പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതിനും പരിപാലിക്കുന്നതിനും ഭീകരതയെ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി, പ്രസിദ്ധീകരണങ്ങൾ, മൾട്ടിമീഡിയ മെറ്റീരിയലുകൾ പ്രയോജനപ്പെടുത്തൽ തുടങ്ങിയ ആശയങ്ങളും ഓഫീസ് പിന്തുണയ്ക്കും.
ഐക്യരാഷ്ട്രസഭയുടെ തീവ്രവാദ വിരുദ്ധ ഓഫീസിലെ അണ്ടർ സെക്രട്ടറി ജനറലായ വ്‌ളാഡിമിർ വൊറോൻകോവിന്റെ ശ്രമങ്ങളെയും ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി ദോഹ ഓഫീസ് സ്ഥാപിക്കുന്നതിനായി അദ്ദേഹം ചെയ്ത ഫലപ്രദമായ പ്രവർത്തനങ്ങളെയും മഹ്മൂദ് പ്രശംസിച്ചു. വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിച്ച വോറോൺകോവ്, ഭീകരതയെ ചെറുക്കുന്നതിനുള്ള ഖത്തറിന്റെ ശ്രമങ്ങളെയും നേതൃത്വത്തെയും ഐക്യരാഷ്ട്രസഭയുടെ തീവ്രവാദവിരുദ്ധ ഓഫീസിനുള്ള പിന്തുണയെയും പ്രശംസിച്ചു; തീവ്രവാദ വിരുദ്ധ ശ്രമങ്ങൾക്ക് ശക്തമായ പിന്തുണ നൽകിയതിന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
ഇന്റർപാർലമെന്ററി യൂണിയൻ പ്രസിഡന്റ് (IPU) പാച്ചെക്കോ തന്റെ പ്രസംഗത്തിൽ അന്താരാഷ്ട്ര സംവിധാനത്തിൽ ഖത്തറിന്റെ പ്രാധാന്യം ആവർത്തിക്കുകയും തീവ്രവാദത്തെ നേരിടുന്നതിൽ ഐപിയുവിന്റെ പങ്കിനെക്കുറിച്ചും ദോഹയുമായി സഹകരിച്ച് ഈ രംഗത്ത് യൂണിയന്റെ ഭാവി പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു. ഉദ്ഘാടനചടങ്ങിൽ വീഡിയോ കോണ്ഫറൻസിലൂടെ ലോകരാജ്യങ്ങളിൽ നിന്നുള്ള ഔദ്യോഗിക വക്താക്കളുടെ വൻനിര തന്നെ പങ്കുചേർന്നു.